തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിലാണ് പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പ്രിയദർശിനി പദ്ധതിയെ പരാമർശിച്ചിരുന്നു. ആശ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി അടങ്കൽ 30,370 കോടി രൂപയായി നിശ്ചയിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ച കേന്ദ്രവിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി അടങ്കൽ കുറച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളെയും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
