തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാവരും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളണമെന്നും പാര്‍ട്ടി സെന്റര്‍ പറയുന്ന കാര്യങ്ങള്‍ ജില്ലാ നേതൃത്വങ്ങള്‍ കേള്‍ക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ നേതൃത്വങ്ങളുടെ വികാരം പാര്‍ട്ടിയും ഉള്‍ക്കൊളളുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന സീറ്റുകളിലെ തോല്‍വി വേദനിപ്പിക്കുന്നതാണെന്നും ഐക്യത്തോടെ പാര്‍ട്ടി മുന്നോട്ടുപോകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം എന്ന് പരസ്യമായി പറഞ്ഞ കൊല്ലം ജില്ലാ സെക്രട്ടറി കെ ആര്‍ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടിയുണ്ടാകും.
താക്കീത് ചെയ്യാനുളള തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ലെന്ന് ബിനോയ് വിശ്വം സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു. പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എന്നും സെക്രട്ടറിയേറ്റില്‍ ഇരിക്കുന്നവര്‍ ആരും മോശക്കാരല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ചേർന്ന സംസ്ഥാന കൗണ്‍സിലില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് ആവശ്യമുയർന്നിരുന്നു. സെക്രട്ടറിയേറ്റ് കൊണ്ട് ഒരു പ്രയോജനവും പാര്‍ട്ടിക്കില്ലെന്നും സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും രണ്ട് അധികാര കേന്ദ്രങ്ങളാണെന്നും വിമര്‍ശനമുയര്‍ന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സംസ്ഥാന കൗണ്‍സിലില്‍ അതിരൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. പദവിക്ക് ചേരാത്ത അപക്വമായ പ്രസ്താവനയാണ് ബിനോയ് വിശ്വം നടത്തുന്നത് എന്നായിരുന്നു വിമര്‍ശനം. പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എന്ന 11 അംഗ ബോഡി രൂപീകരിച്ചത്. ആ സെക്രട്ടറിയേറ്റ് തന്നെ പിരിച്ചുവിടണം എന്നാണ് കൗണ്‍സിലില്‍ ഉയര്‍ന്ന ആവശ്യം. സെക്രട്ടറിയേറ്റ് കൊണ്ട് പാര്‍ട്ടിക്ക് ഒരു കാര്യവുമില്ല എന്നാണ് കൊല്ലം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ പറഞ്ഞത്. ഭരണത്തുടര്‍ച്ച ഉണ്ടാവാതിരിക്കാന്‍ സിപിഐയുടെ ഭാഗത്തുനിന്നും വീഴ്ച്ചകളുണ്ടായി എന്നും ഭരണവിരുദ്ധ വികാരം എന്നത് സിപിഐഎമ്മിനെതിരെ മാത്രമല്ല, സിപിഐ മന്ത്രിമാര്‍ക്കെതിരായ വികാരം കൂടിയാണെന്ന് മനസിലാക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു.
