Your Image Description Your Image Description

കലാലയങ്ങളിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത എറണാകുളം പദ്ധതിക്ക് തുടക്കമായി. ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നത്. ഇതിൻറെ ഭാഗമായാണ് ലഹരി വിമുക്ത എറണാകുളം പദ്ധതി ആരംഭിക്കുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിൽ പോലീസും എക്സൈസ് വകുപ്പും നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം. സ്കൂളുകളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ലഹരി വിതരണക്കാരുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി കോളേജ് വിദ്യാർത്ഥികൾ മാറുന്ന സാഹചര്യത്തിലാണ് നടപടി.

മെഡിക്കൽ, എഞ്ചിനീയറിംഗ്, നഴ്സിംഗ് കോളേജുകൾ ഉൾപ്പെടെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് മേഖലയിലെ മുഴുവൻ കോളേജുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി നിർമ്മാർജനം സാധ്യമാക്കുന്നതിനൊപ്പം നിലവിൽ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കുറ്റവാളികളായി കാണാതെ ഇരകളായി കണ്ട് അവരെ ചേർത്ത് പിടിച്ച് കൗൺസിലിംഗ്, ചികിത്സ എന്നീ മാർഗ്ഗങ്ങളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ആഗസ്റ്റ് ഒന്ന് മുതൽ 15 വരെ ജില്ലയിലെ കോളേജുകളിൽ ലഹരി വിമുക്ത കാമ്പസ് എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ കോളേജുകൾക്കും ലഹരി വിരുദ്ധ പോളിസി രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റവും മികച്ച പോളിസി രൂപീകരിക്കുകയും, കാമ്പസുകളെ ലഹരി വിരുദ്ധമാക്കുന്നതിന് മികച്ച പ്രവർത്തനം നടത്തുകയും ചെയ്യുന്ന കോളേജിന് ജില്ലാ കളക്ടറുടെ പ്രത്യേക പുരസ്കാരം നൽകുമെന്നും മന്ത്രി അറിയിച്ചു.

നിലവിലുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്ക് സമ്മാനമായി ജൂലൈ 31 നകം കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും രൂപീകരികരിക്കും. എക്സൈസ് വകുപ്പിൻ്റെ നേർക്കൂട്ടം കമ്മിറ്റികളുമായി ചേർന്ന് നടപ്പാക്കുന്ന പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ കാമ്പസുകളെ സുരക്ഷിതമാക്കുന്നതിൽ വലിയ പങ്ക് വഹിക്കും. കോളേജ് പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കൊപ്പം പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തും. നിലവിൽ ജില്ലയിൽ 48 കലാലയങ്ങളിൽ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. അതാത് പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറോ എക്സൈസ് ഉദ്യോഗസ്ഥരോ ആയിരിക്കും ഗ്രൂപ്പുകളുടെ കൺവീനർമാർ. എൻ.സി.സി, എൻ.എസ്.എസ്, എൻ.ജി.ഒകൾ തുടങ്ങിയവയും ഇതിൻ്റെ ഭാഗമാകും.

ലഹരി ഉപയോഗിക്കുക മാത്രം ചെയ്യുന്ന കുട്ടികൾക്ക് കൗൺസിലിംഗ്, ചികിത്സ തുടങ്ങിയവ നൽകി അതിൽ നിന്ന് മുക്തരാക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരെ കൃത്യമായി അറിയിക്കാൻ എല്ലാ കോളേജുകളുടെയും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോളേജുകളിൽ അഡ്മിഷൻ പ്രക്രിയകൾ നടക്കുന്ന സമയമായതിനാൽ പുതുതായി എത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തും. വിദ്യാർത്ഥികളെ ലഹരി നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമാക്കും. കോളേജുകളിൽ ക്ലാസ് തുടങ്ങുന്നതിന് അര മണിക്കൂർ മുൻപും ക്ലാസ് കഴിഞ്ഞ് അര മണിക്കൂറും സ്ഥാപനത്തിൻ്റെ അടുത്ത് പൊലീസിൻ്റെയും എക്സൈസിൻ്റെയും സാന്നിധ്യം ഉറപ്പാക്കുന്നതിന് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്, വ്യവസായ മന്ത്രി പറഞ്ഞു.

ലഹരി മരുന്നുകളുടെ ലഭ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. കൊച്ചി സിറ്റി പോലീസിൻ്റെ ഉദയം പദ്ധതി, റൂറൽ പോലീസിന്റെ പുനർജനി, അതിജീവനം പദ്ധതികൾ, എക്സൈസ് വകുപ്പിന്റെ നേർക്കൂട്ടം, ശ്രദ്ധ പദ്ധതികൾ തുടങ്ങിയവയുമായി ഏകോപിച്ചാണ് ലഹരി വിമുക്ത എറണാകുളം പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എൻ. സുധീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts