Home » Blog » Kerala » “സാമൂഹ്യയാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്‌ത തെറ്റെങ്കിൽ ആ തെറ്റ് ശക്തിയായി തുടരും; മുസ്‍ലിം ലീഗിനെ വിമർശിക്കുന്നവരെ വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ” – വെള്ളാപ്പള്ളി നടേശൻ
5

ആലപ്പുഴ: തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശനങ്ങൾ പുത്തരിയല്ല. എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാവില്ല. സാമൂഹ്യ യാഥാർഥ്യങ്ങൾ തുറന്ന് പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്. ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും യോഗനാദം എഡിറ്റോറിയലിൽ വെള്ളാപ്പള്ളി കുറിച്ചു. മുസ്‍ലിം ലീഗെന്ന ലക്ഷണമൊത്ത വര്‍ഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ലെന്നും ലീഗിനെ വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

ലേഖനത്തിന്റെ പൂർണരൂപം

കേരളത്തിലെ ചില സാമൂഹ്യയാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്‌ത തെറ്റെങ്കിൽ ആ തെറ്റ് പൂർവ്വാധികം ശക്തിയായി തുടരാൻ തന്നെയാണ് തീരുമാനം. ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല ഞാനും എൻ്റെ സംഘടനയും. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹത്തിൻ്റെ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉന്നയിക്കുന്നത്. ഭരണം നിലനിർത്താനും പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്‍ലിം ലീഗെന്ന ലക്ഷണമൊത്ത വർഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. മുസ്‍ലിം ലീഗിനെ വിമർശിക്കുന്നവരെ വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ.

ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്‍ലിം ലീഗുമുണ്ട്. മുസ്‍ലിം മതസമൂഹത്തെയല്ല, മുസ്‍ലിം ലീഗിനെയാണ് ഞാൻ എതിർക്കുന്നതെന്ന് എത്രയോവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഭരണത്തിൽ പങ്കാളിയായാൽ സ്വാഭാവികമായും അവർ വർഗീയമായി മാത്രമേ പ്രവർത്തിക്കൂ. അതിന് തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും പേഴ്‌സണൽ സ്റ്റാഫും അവർ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്‌തികളിൽ ഇരിക്കുന്നവരും. ഇപ്പോൾ ലീഗിൻ്റെ മന്ത്രിയായ കെ.എം.ഷാജിയുടെ ‘മതമാണ് മതമാണ് മതമാണ് അവരുടെ പ്രശ്‌ന’മെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്നവർക്ക് പോലും ഇതൊക്കെ തുറന്നുകാട്ടാൻ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വർഗീയവാദിയാകുമെങ്കിൽ ആയിക്കോട്ടെ.