Your Image Description Your Image Description

കലാവിരുതിന്റെ നിറച്ചാർത്തണിയാൻ ‘വെളുത്തൊരുങ്ങി ‘ കലക്ടറേറ്റ്. ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ ‘നിറമുള്ള സ്വപ്നങ്ങൾ ‘ ചിത്രകലയിലെ കൊല്ലത്തിന്റെ അടയാളപ്പെടുത്തലായ സന്തോഷ് ആശ്രാമം വരച്ചു ചേർക്കും.

സർക്കാർ ഓഫീസുകളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് കെട്ടിടത്തിന്റെ പ്രധാന കവാടം മുതൽ ചിത്രങ്ങൾ നിറയുക. മതിലുകൾ ക്യാൻവാസുകൾ പോലെ ‘വെളുപ്പിച്ചു ‘ തുടങ്ങി.
മുൻവശം മുതൽ മൂന്നാം നിലവരെ ജില്ലയിലെ ചരിത്ര സംഭവങ്ങൾ അനാവൃതമാക്കുന്ന ചുമർ ചിത്രങ്ങളാണ് അലങ്കാരമാകുക.

ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരവുമായി ബന്ധപ്പെട്ട വേലുതമ്പി ദളവയുടെ പോരാട്ടങ്ങളാണ് അവതരിപ്പിക്കുക. ഗാന്ധിജിയുടെ കൊല്ലം സന്ദർശനവും ജാതി വിവേചനത്തിനെതിരെ അദ്ദേഹം നടത്തിയ ഇടപെടലകളും ചിത്രങ്ങളാക്കും. കടയ്ക്കൽ വിപ്ലവത്തിന്റെ ചരിത്രമാണ് മൂന്നാം നിലയിൽ ഒരുക്കുന്നത്.

കെട്ടിടത്തിന്റെ പ്രധാന പില്ലറുകൾ, പൂമുഖം, ഗോവണി, കൈവരി, എന്നിവിടങ്ങൾ അനുബന്ധ ചിത്രങ്ങൾക്കായി ഉപയോഗിക്കും. വേലുതമ്പി ദളവയുടെ പ്രതിമയും നവീകരിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

ആധുനിക കലാസങ്കേതങ്ങളും നാടൻ കലാരൂപങ്ങളും സംയോജിപ്പിച്ച് വ്യത്യസ്തമായ ശൈലിയിലാണ് ചിത്രങ്ങൾ തീർക്കുന്നതെന്ന് ആർട്ടിസ്റ്റ് അശ്രാമം സന്തോഷ്‌ വ്യക്തമാക്കി.

Related Posts