Your Image Description Your Image Description

ശബരിമലയിൽ നഷ്ടപ്പെട്ട ഫോൺ രണ്ടര മണിക്കൂറിനുള്ളിൽ പീരുമേട് നിന്നും കണ്ടെത്തി പമ്പ പോലീസ് അയ്യപ്പഭക്തന് തിരികെ നൽകി
ശബരിമല നവഗ്രഹ പ്രതിഷ്ഠ പൂജയ്ക്കായി നട തുറന്നിരിക്കെ
12 ന് വൈകിട്ട് 6:30 ഓടുകൂടി പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോയ അയ്യപ്പഭക്തന്റെ 23000 രൂപ വിലയുള്ള വിവോ ഫോൺ നഷ്ടപ്പെട്ടതായി പമ്പ പോലീസ് സ്റ്റേഷനിൽ വയർലെസ് മുഖേനെ വിവരം ലഭിച്ചു. ഇദ്ദേഹത്തെ സ്റ്റേഷനിൽ നിന്നും മറ്റൊരു ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് പമ്പ പോലീസ് സ്റ്റേഷൻ സൈബർ ഹെൽപ്പ് ഡെസ്ക് വഴി പരാതി സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് സൈബർ സെൽ മുഖേന ലൊക്കേഷൻ എടുത്തു പരിശോധിച്ചപ്പോൾ നിലയ്ക്കൽ പമ്പാവാലി കുമളി റോഡിൽ സഞ്ചരിക്കുന്നയാളുടെ പക്കൽ ഫോൺ ഉള്ളതായി തിരിച്ചറിഞ്ഞു.
തുടർന്ന്, പമ്പയിൽ നിന്നും ആറരയ്ക്ക് ശേഷം പോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഡോളി തൊഴിലാളികൾ പോയ ജീപ്പ് കണ്ടെത്തുകയും, ഇത് കുമളി ഭാഗത്തേക്ക് പോകാൻ സാധ്യതയുള്ളതായി മനസ്സിലാക്കി. ജീപ്പിൻറെ ഫോട്ടോയും മറ്റു വിവരങ്ങളും ഇടുക്കി പീരുമേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ ഗോപി ചന്ദ്രനെ അറിയിച്ചു. അദ്ദേഹം വിവരം നൽകിയ പ്രകാരം പെരുവന്താനം കുമളി ഹൈവേ പെട്രോളിംഗ് സംഘം കുട്ടിക്കാനത്ത് വച്ച് രാത്രി 9 ന് ജീപ്പ് തടഞ്ഞുനിർത്തി. തുടർന്ന്, പീരുമേട് പോലീസിനെ അറിയിക്കുകയും, എസ് ഐ അരവിന്ദും സംഘവും സ്ഥലത്തെത്തി പരിശോധിച്ചതിൽ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി. കോട്ടയം തിടനാട് പോലീസിന്റെയും കെഎസ്ആർടിസി ജീവനക്കാരുടെയും സഹായത്താൽ ഫോൺ പമ്പ സ്റ്റേഷനിൽ എത്തിച്ചു. സനിധാനത്ത് നിന്നും ദർശനം കഴിഞ്ഞ് തിരികെ എത്തിയ ഫോണിന്റെ ഉടമസ്ഥനായ അയ്യപ്പഭക്തന് കൈമാറുകയും ചെയ്തു. പമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, സി പി ഓമാരായ ഏ ഏ അരുൺ, ജിനു ജോർജ്, രാഹുൽ ഹരിന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി ഫോൺ കണ്ടെത്തുന്നതിന് നേതൃത്വം നൽകിയത്. കഴിഞ്ഞശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഭക്തരുടെ നഷ്ടപ്പെട്ട നൂറിലധികം മൊബൈൽ ഫോണുകളാണ് പോലീസിന്റെ സൈബർ ഹെല്പ്ഡെസ്കിന്റെ പ്രവർത്തനത്തിലൂടെ ഇപ്രകാരം കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയത്.

Related Posts