Your Image Description Your Image Description

പാലക്കാട്: പാലക്കാട് നിപ ജാഗ്രതയേറുന്നു. നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂർ സ്വദേശിയായ വയോധികൻറെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ബാധിച്ചു. ഇവരെ പാലക്കാട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു ബന്ധുവിനും ഒരു ആരോഗ്യ പ്രവർത്തകനുമാണ് പനി ബാധിച്ചത്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

ജില്ലയിൽ രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ചതോടെ 17 വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ ഏ‍ർപ്പെടുത്തിയതായി ജില്ലാ കളക്ടർ പ്രിയങ്ക ജി അറിയിച്ചു. പാലക്കാട് ജില്ലയിലുള്ളവ‍ർ മാസ്ക് ധരിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

അതേസമയം പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് നിർദേശം നൽകിയത്. നിപ ബാധിച്ച് മരിച്ച 58 കാരൻ താമസിച്ചിരുന്ന മണ്ണാർക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തി.

മരണപ്പെട്ട വയോധികൻ നാല് ആശുപത്രികളും ചില വീടുകളും സന്ദർശിച്ചതായും കളക്ടർ വ്യക്തമാക്കി. നിപ ലക്ഷണങ്ങൾ കാണിച്ചതിന് ശേഷം ഇദ്ദേഹം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും കളക്ടർ അറിയിച്ചു. എന്നാൽ അതിന് മുന്നേ ഇദ്ദേഹം യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പാടിയിൽ പോയതും കെ എസ് ആർ ടി സി ബസിലായിരുന്നു. ഇതോടെ കെ എസ് ആർ ടി സി ബസുകളിലെ യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാകും.

ഒരാഴ്ച മുമ്പാണ് പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയായ 58 കാരൻ പനി ബാധിച്ച്, മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ വട്ടമ്പലത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികൻ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിപ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.

Related Posts