Your Image Description Your Image Description

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിർണായക ഇടപെടലുമായി കാന്തപുരം. ചാണ്ടി ഉമ്മൻ എംഎൽഎയും വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഇടപെടൽ നടത്തുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചു.

എന്നാൽ ചർച്ചയിൽ കൂടുതൽ പുരോഗതി ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ അറിയിച്ചു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാ​ഗം അറിയിച്ചു. സെയ്ദ് ഉമർ ഹഫീസ് എന്ന യമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം ഒരുക്കിയത്.

അതേസമയം, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്. കൂടിക്കാഴ്ച്ചകൾക്കായി സനായിലെത്തിയ നിമിഷപ്രിയയുടെ അമ്മയും സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോണും അവിടെ തുടരുകയാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇടപെടുന്നുണ്ടെന്നാണ് സൂചന. യെമനിൽ ബിസിനസ് ബന്ധമുള്ളവർ വഴി അനൗദ്യോഗിക ചർച്ചകൾക്കും ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെയോ ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ വ്യക്തമായ നിലപാട് ലഭിക്കാത്തതാണ് പ്രതിസന്ധി. ദയാധനം സംബന്ധിച്ച് ഉറപ്പ് നൽകാനും ശ്രമം നടക്കുന്നുണ്ട്.

Related Posts