Home » Blog » Kerala » വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ
IMG_20260616_182719

കോഴിക്കോട്: വടകരയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ ‘കാഫിർ’ വ്യാജ സ്‌ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും ‘വടകര സ്ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുമായ ജിതിൻ ഭാസ്‌കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന ജിതിനെ ഇന്ന് വീണ്ടും വിളിപ്പിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവാണിത്.

 

പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടുകൾക്കും ഡിജിറ്റൽ തെളിവുകൾക്കും പിന്നാലെയാണ് ഇടത് സൈബർ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അറസ്റ്റ് നടന്നിരിക്കുന്നത്. വിവാദമായ വ്യാജ സ്‌ക്രീൻഷോട്ട് ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ജിതിൻ ഭാസ്‌കറാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പത്ത് അഡ്മിന്മാരുള്ള ഈ ഗ്രൂപ്പിലെ ജിതിൻ ഉൾപ്പെടെ ആറ് അഡ്മിന്മാരെ പോലീസ് നേരത്തെ ചോദ്യം ചെയ്യുകയും ജിതിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. വടകര സ്ക്വാഡ് ഗ്രൂപ്പിൽ വന്ന ഈ സ്ക്രീൻഷോട്ട്, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷ്ണൻ അവിടെനിന്നും കോപ്പി ചെയ്ത് ‘റെഡ് എൻകൗണ്ടർ’, ‘റെഡ് ബറ്റാലിയൻ’ തുടങ്ങിയ മറ്റ് ഇടത് സൈബർ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

 

കേസിൽ നേരത്തെ ചോദ്യം ചെയ്യപ്പെട്ട റിബേഷ് രാമകൃഷ്ണൻ, തനിക്ക് വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നാണ് ഈ ചിത്രം ഫോർവേഡ് ആയി ലഭിച്ചതെന്ന് മൊഴി നൽകിയിരുന്നു. വടകരയിലെ ‘കാഫിർ’ പരാമർശമുള്ള വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഹാൻഡിലുകളിലാണെന്ന് പോലീസ് മുൻപ് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ടിരുന്ന എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം, ഈ വ്യാജ ചിത്രം നിർമ്മിച്ചതിനും പ്രചരിപ്പിച്ചതിനും പിന്നിൽ ഡിവൈഎഫ്ഐ നേതാക്കളാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.