Home » Blog » Kerala » ‘രേഖകൾ കള്ളം പറയില്ല’; ബസ് വാങ്ങിയതിലെ സുതാര്യത ചോദ്യം ചെയ്ത് പരിവാഹൻ ഡാറ്റ, പ്രതിരോധത്തിലായി ഗണേഷ് കുമാർ
images (11)

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് പർച്ചേസിലെ കോടികളുടെ വില വ്യത്യാസവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ പ്രതിരോധം പാളുന്നു. മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യാജമാണെന്നും രണ്ട് വ്യത്യസ്ത തരം സസ്പെൻഷൻ വാഹനങ്ങൾ വാങ്ങിയതിനാലാണ് വിലയിൽ മാറ്റം വന്നതെന്നുമുള്ള മുൻ മന്ത്രിയുടെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ‘പരിവാഹൻ’ രേഖകൾ പുറത്തുവന്നു.

 

ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വ്യത്യസ്ത വില നൽകി വാങ്ങിയതിലെ വൻ പൊരുത്തക്കേടുകളാണ് കെഎസ്ആർടിസിയെ ഇപ്പോൾ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. 27 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും വണ്ടി വാങ്ങിയിട്ടില്ലെന്നും തങ്ങൾ 2150000-ത്തോളം രൂപയ്ക്കാണ് ബസുകൾ പർച്ചേസ് ചെയ്തതെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ അവകാശവാദം. എന്നാൽ പരിവാഹൻ സൈറ്റിലെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഒരേ ദിവസം പല വിലയ്ക്കാണ് ഈ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറച്ചതാണ് വില വ്യത്യാസത്തിന് കാരണമായി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ നിരത്തിയ പ്രധാന ന്യായം. പുതിയ ജിഎസ്ടി സ്ലാബ് നിലവിൽ വന്നത് 2025 സെപ്റ്റംബർ 22-നാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ, ഇതിനു മുൻപ് ജൂലൈ 11-ന് വാങ്ങിയ വാഹനങ്ങൾക്കും 18 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കിയിട്ടുള്ളൂ എന്ന് പരിവാഹൻ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെ ജിഎസ്ടിയിലെ മാറ്റം മൂലമാണ് വില കൂടിയതെന്ന വാദം പൂർണ്ണമായും പൊളിയുകയാണ്.

 

എയർ സസ്പെൻഷൻ ഉള്ള സൂപ്പർ ഫാസ്റ്റ് ബസുകളും സ്പ്രിങ് സസ്പെൻഷൻ ഉള്ള സാധാരണ ബസുകളും തമ്മിലുള്ള സാങ്കേതിക വ്യത്യാസമാണ് വിലയിൽ മാറ്റം വരാൻ കാരണമെന്നായിരുന്നു മറ്റൊരു വാദം. എന്നാൽ കെഎസ്ആർടിസിയുടെ ബില്ലുകൾ പരിശോധിക്കുമ്പോൾ ഒരിടത്തുപോലും എയർ സസ്പെൻഷൻ ആണോ സ്പ്രിങ് സസ്പെൻഷൻ ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ട് ഒരേ മോഡലിന് വില കൂടി എന്നതിന് ബില്ലുകളിൽ കൃത്യമായ വിശദീകരണമില്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

മാധ്യമങ്ങൾ കാണിച്ചത് പരിവാഹൻ സൈറ്റിലെ വിവരങ്ങൾ ക്രോഡീകരിച്ച വെറും ഗ്രാഫിക്സ് മാത്രമാണെന്നും ഈ കണക്കുകൾ തെറ്റാണെന്നുമാണ് ഗണേഷ് കുമാറിന്റെ പുതിയ വാദം. എന്നാൽ രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും കൃത്യമായ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ പരിവാഹനെ ഒരു മുൻ ഗതാഗത മന്ത്രി തന്നെ തള്ളിപ്പറയുന്നത് അഴിമതി മൂടിവെക്കാനും വിഷയത്തിൽ നിന്ന് ഒളിച്ചോടാനുമാണെന്ന വിമർശനം ശക്തമായിക്കഴിഞ്ഞു.

 

അതേസമയം, ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് താൻ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് ഗണേഷ് കുമാർ വെല്ലുവിളിച്ചിട്ടുണ്ട്. സിബിഐ വേണമെങ്കിൽ അന്വേഷിക്കട്ടെ എന്നും താൻ നേരിടാമെന്നും അദ്ദേഹം വ്യക്തമാക്കുമ്പോഴും, പുറത്തുവന്ന ഔദ്യോഗിക രേഖകൾ സർക്കാരിനെയും കെഎസ്ആർടിസിയെയും വൻ പ്രതിരോധത്തിലാക്കുകയാണ്.