Your Image Description Your Image Description

വിരമിക്കാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനം ഏവരേയും ഞെട്ടിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിരമിക്കല്‍ തീരുമാനത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്ങിന്റെ ‘യുവികാന്‍’ കാന്‍സര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കോഹ്‌ലി വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് മനസുതുറന്നത്. ചടങ്ങിലെ അവതാരകനായിരുന്ന ഗൗരവ് കപൂര്‍ ടെസ്റ്റില്‍ എല്ലാവരും കോഹ്‌ലിയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് താരത്തെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

തുടര്‍ന്ന് സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ”രണ്ടു ദിവസം മുമ്പാണ് ഞാന്‍ എന്റെ താടി കറുപ്പിച്ചത്. നാല് ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടിവരുമ്പോള്‍ തന്നെ നമ്മുടെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ” എന്നായിരുന്നു കോഹ്‌ലിയുടെ തമാശരൂപേണയുള്ള പ്രതികരണം. കോഹ്‌ലിയെ കൂടാതെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, രവി ശാസ്ത്രി, കെവിന്‍ പീറ്റേഴ്‌സണ്‍, ക്രിസ് ഗെയ്ല്‍ എന്നിവരും ഗൗതം ഗംഭീര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിലുള്ളവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

അതേസമയം പരിപാടിയില്‍ സംസാരിക്കവെ തന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയെന്ന് കോഹ്‌ലി പറഞ്ഞിരുന്നു. തന്റെ കരിയറിലുടനീളം അദ്ദേഹം വലിയൊരു സംരക്ഷകനായി നിന്നുവെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ”സത്യം പറഞ്ഞാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിച്ച മാറ്റങ്ങള്‍ സാധ്യമാകില്ലായിരുന്നു. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന പരസ്പര ധാരണ അത്രത്തോളമായിരുന്നു. വാര്‍ത്താ സമ്മേളനങ്ങളിലെ ചോദ്യശരങ്ങളില്‍ നിന്ന് അദ്ദേഹം ഒരു പരിചപോലെ എപ്പോഴും എന്നെ സംരക്ഷിച്ചു. എല്ലാ താരങ്ങള്‍ക്കും കരിയറില്‍ മുന്നേറാന്‍ വലിയ പിന്തുണ ആവശ്യമാണ്. ശാസ്ത്രി എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു”, കോഹ്‌ലി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts