Home » Blog » kerala Max » “അയാൾ പാർട്ടി നടപടി നേരിടുന്നയാൾ, മറുപടി നൽകേണ്ടതില്ല”; പത്മകുമാറിന്റെ ശബരിമല വെളിപ്പെടുത്തലുകളെ പൂർണ്ണമായി തള്ളി എം.വി. ഗോവിന്ദൻ
MV-Govindan

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തങ്ങളെ സന്നിധാനത്തുനിന്ന് ബോധപൂർവം മാറ്റിനിർത്തിയെന്നും, ഇതിനു പിന്നിൽ ഭരണ-പാർട്ടി നേതൃത്വത്തിലുള്ള ഉന്നതനാണെന്നും എ. പത്മകുമാർ നടത്തിയ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ ഈ ആരോപണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൂർണമായും തള്ളിക്കളഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടിയുടെ നടപടി നേരിടുന്ന വ്യക്തിയാണ് പത്മകുമാർ എന്ന് എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും, കൂടുതൽ വ്യക്തത ആവശ്യമുള്ളവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സിപിഎം ഒരുങ്ങുന്നതായാണ് സൂചന. സ്വർണക്കൊള്ള കേസ് പ്രതിയായ പത്മകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച ചർച്ചകൾ നേതൃത്വത്തിൽ സജീവമാണ്. നാളെ ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് നിർണ്ണായക തീരുമാനമുണ്ടാകുമെന്ന് കരുതുന്നു.

ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പത്മകുമാറിനെതിരെ വർഷങ്ങളായി ഉയർന്നുവരുന്ന വിമർശനങ്ങൾ നേതൃത്വം ഇതുവരെ അവഗണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷവും പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ അണികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. സ്വർണക്കൊള്ള വിവാദങ്ങളിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഘട്ടങ്ങളിലെല്ലാം പത്മകുമാറിനെ ന്യായീകരിച്ചിരുന്ന നേതൃത്വം, ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് മാറ്റം ശ്രദ്ധേയമാണ്.