കൊച്ചി: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇ.ഡി. ബുധനാഴ്ച ഹാജരാകണം എന്നാണ് നിർദേശം. ആരോഗ്യപ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചിരുന്നു. അതുപോലെ അധികൃതർ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നും വീണ ഇഡിയെ അറിയിച്ചിരുന്നു. എന്നാൽ, അതുപോരാ, വീണ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇ.ഡി.
അതേസമയം, വീണയെ ചോദ്യം ചെയ്തതിനുശേഷം സിഎംആർഎൽ അധികൃതരിലേക്ക് കടക്കാനാണ് ഇഡി നീക്കം. കരിമണൽ കമ്പനിയിൽനിന്ന് എന്തിന് പണം ലഭിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎലുമായി ബന്ധപ്പെട്ട് നടന്നെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ.
കമ്പനിയിൽനിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽനിന്ന് 50 ലക്ഷം വായ്പയും ലഭിച്ചു. നേരത്തേ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. എക്സാലോജിക്കും കരിമണൽ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇഡിക്കു കൈമാറാൻ നേരത്തേ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
