തിരുവനന്തപുരം: കാപ്പാ കേസിൽ റിമാൻഡിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ അയോഗ്യനായേക്കും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതൻ കഴിഞ്ഞ രണ്ട് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. എന്നാൽ, നഗരസഭ ചട്ടപ്രകാരം തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ നിന്ന് വിട്ട് നിന്നാൽ ജനപ്രതിനിധിയെ അയോഗ്യനാക്കാം എന്നാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിപിഐഎം പ്രവർത്തകരെ മർദിച്ചതിൽ വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ സുഗതൻ ഏപ്രിൽ 27നും മെയ് 12നും തിരുവനന്തപുരം കോർപ്പറേഷൻ ആസ്ഥാനത്ത് ചേർന്ന കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ല. കൂടാതെ, യോഗത്തിൽ പങ്കെടുക്കില്ലെന്ന് കോർപ്പറേഷനെ രേഖാമൂലം അറിയിച്ചിട്ടുമില്ല.
സുഗതന്റെ അയോഗ്യത തടയാൻ ബിജെപി രേഖകൾ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് സിപിഐഎം ആരോപണം. നേരത്തെ പൂർത്തിയായ രണ്ട് യോഗങ്ങളിലും പങ്കെടുക്കാത്തവരുടെ പേരുകളിൽ മേയർ വി.വി രാജേഷ് സുഗതന്റെ പേര് രേഖപ്പെടുത്താത്തതാണ് ആരോപണത്തിനിടയാക്കിയത്.
അതേസമയം, സുഗതനെതിരെ കാപ്പാ ചുമത്തിയതിനാൽ ഉടൻ ജാമ്യം ലഭിക്കില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ അടുത്ത കൗൺസിൽ യോഗത്തിലും പങ്കെടുക്കാനാകില്ല. അടിയന്തരമായി അടുത്ത കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
