Home » Blog » kerala Max » സൗരക്ഷിക പഞ്ചമി പുരസ്കാരം രാജേന്ദ്രപ്രസാദിന്
IMG-20260612-WA0011

എറണാകുളം: കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയായ സൗരക്ഷിക നൽകുന്ന 2026-ലെ പഞ്ചമി പുരസ്കാരത്തിന് പ്രമുഖ ആദിവാസി ദളിത് സാമൂഹ്യപ്രവർത്തകൻ രാജേന്ദ്രപ്രസാദ് അർഹനായി. കേരളത്തിലെ ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായും ബാലാവകാശ സംരക്ഷണത്തിനായും അദ്ദേഹം നടത്തിവരുന്ന ശക്തമായ ഇടപെടലുകളും സ്തുത്യർഹമായ സേവനങ്ങളും മുൻനിർത്തിയാണ് ഈ പുരസ്കാരം. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സൗരക്ഷിക സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. പ്രേംകുമാർ, സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി സുധാകുമാരി ടീച്ചർ, എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. വിദ്യാധരൻ പി. മേനോൻ, എറണാകുളം ജില്ലാ സെക്രട്ടറി വി എൻ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.

2026 ജൂൺ 16 ചൊവ്വാഴ്ച വൈകിട്ട് 3.30-ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് വി.ജി. അരുൺ പുരസ്കാര സമർപ്പണവും ഉദ്ഘാടനവും നിർവ്വഹിക്കും. സൗരക്ഷിക സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. ശശീശങ്കർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രമുഖ രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ മുഖ്യാതിഥിയായിരിക്കും.

മഹാത്മാ അയ്യൻകാളി ‘പഞ്ചമി’ എന്ന ബാലികയെ മുൻനിർത്തി 1914 ജൂൺ 16-ന് നടത്തിയ ചരിത്രപ്രസിദ്ധമായ വിദ്യാഭ്യാസ സമരത്തിന്റെ സ്മരണാർത്ഥമാണ് സൗരക്ഷിക ഈ ദിവസം ‘ബാലാവകാശ ദിനമായി’ ആചരിക്കുന്നത്. ബാലാവകാശങ്ങൾക്കായി വിശിഷ്ട സേവനം അനുഷ്ഠിക്കുന്ന വ്യക്തികൾക്കാണ് ഈ ദിനത്തിൽ ‘പഞ്ചമി പുരസ്കാരം’ നൽകി വരുന്നത്.

ശ്രീ. ആർ. പ്രസന്നകുമാർ (ബാലഗോകുലം സംസ്ഥാന പ്രസിഡന്റ്), ശ്രീ. എം. രവി (കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം), ശ്രീ. ഷൈജു കവനാട്ടിൽ (ബി.പി.ജെ.എസ്. എറണാകുളം ജില്ലാ പ്രസിഡന്റ്) എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സൗരക്ഷിക സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. പ്രേംകുമാർ സ്വാഗതവും, എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. വിദ്യാധരൻ പി. മേനോൻ കൃതജ്ഞതയും രേഖപ്പെടുത്തും. പുരസ്കാര ജേതാവ് ശ്രീ. കെ.എസ്. രാജേന്ദ്രപ്രസാദ് മറുപടി പ്രസംഗം നടത്തും.