കൊച്ചി: ബാങ്കിംഗ് രംഗത്തെ ഉപഭോക്തൃ സേവനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് കസ്റ്റമര്‍ എന്‍ഗേജ്മെന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണ്ണമായും ക്ലൗഡ് അധിഷ്ഠിത കോണ്‍ടാക്റ്റ് സെന്‍ററിലേക്ക് മാറ്റി. ജെനസിസ് ക്ലൗഡ് പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് ബാങ്ക് ഈ ഡിജിറ്റല്‍ പരിവര്‍ത്തനം വിജയകരമായി നടപ്പിലാക്കിയത്. രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ക്ലൗഡ് സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ ഇതൊരു പുതിയ നാഴികക്കല്ലാണ്.
പുതിയ ക്ലൗഡ് സംവിധാനത്തിലേക്ക് മാറിയതോടെ ബാങ്കിന്‍റെ സെയില്‍സ് പ്രൊഡക്റ്റിവിറ്റിയില്‍ 41 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. ഉപഭോക്താക്കളുടെ കോളുകള്‍ സാങ്കേതിക തടസ്സങ്ങളാല്‍ കട്ടാകുന്ന നിരക്കില്‍ 27 ശതമാനം കുറവ് വരുത്താന്‍ ബാങ്കിന് സാധിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് 90-ന് മുകളില്‍ എത്തിക്കാനും ഈ മാറ്റത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
മാസ്-മാര്‍ക്കറ്റ് വിഭാഗങ്ങളിലായി ഒരുകോടിയിലധികം വരുന്ന ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് തടസ്സമില്ലാത്ത സേവനം നല്‍കാനാണ് ബാങ്ക് ഈ പുതിയ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജെനസിസ് ക്ലൗഡ് പ്ലാറ്റ്ഫോമില്‍ ഓട്ടോമേഷനോട് കൂടിയ ഇന്‍റലിജന്‍റ് ഐവിആര്‍ സംവിധാനവും ബാങ്ക് വികസിപ്പിച്ചു വരികയാണ്. ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ വഴിയോ മെസ്സേജിങ് പ്ലാറ്റ്ഫോമുകള്‍ വഴിയോ മറ്റ് ടച്ച് പോയിന്‍റുകള്‍ വഴിയോ വളരെ എളുപ്പത്തില്‍ ബാങ്കുമായി ബന്ധപ്പെടാന്‍ സാധിക്കും.
ഉപഭോക്തൃ സേവനങ്ങളെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിനൊപ്പം ബാങ്കിംഗ് മേഖലയിലെ കണിശമായ നിയന്ത്രണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്ന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാര്‍ട്ടിന്‍ പി.എസ് വ്യക്തമാക്കി.
സങ്കീര്‍ണ്ണമായ ബാങ്കിംഗ് അന്തരീക്ഷത്തില്‍ സാങ്കേതികവിദ്യ കൃത്യമായി ഉപയോഗപ്പെടുത്താനും വരും ദിവസങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, അനലിറ്റിക്സ് എന്നിവ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ വിപുലീകരിക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ജെനസിസ് ഇന്ത്യ & സാര്‍ക്ക് വൈസ് പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ രാജ ലക്ഷ്മീപതി പറഞ്ഞു.
