Home » Blog » kerala Max » കേരളത്തിൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു; നിയന്ത്രണം ജൂലൈ 31 വരെ
vizhinjam-fishing-boat-680x450

മൺസൂൺ കാല ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കടലിലെ മത്സ്യങ്ങളുടെ പ്രജനന കാലം സുഗമമാക്കി മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ എല്ലാ വർഷവും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ കർശന വിലക്കുണ്ട്.

പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇവർക്ക് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെ ദൂരത്തിൽ ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താവുന്നതാണ്. എന്നാൽ, രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന ‘പെയർ ട്രോളിംഗ്’ കർശനമായി നിരോധിച്ചിട്ടുണ്ട്.

നിരോധനം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ കർശന പരിശോധനകളുണ്ടാകും. നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ തുടങ്ങിയ ഹാർബറുകളിൽ യന്ത്രമത്സ്യബന്ധന ബോട്ടുകൾ നങ്കൂരമിടുന്നതും സഞ്ചരിക്കുന്നതും പൂർണ്ണമായി നിരോധിച്ചു. ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ ഒഴികെയുള്ള മറ്റ് പരമ്പരാഗത ബോട്ടുകൾക്ക് നീണ്ടകര ഫിഷിംഗ് ഹാർബർ വഴി പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.

ട്രോളറുകൾ കടലിലിറങ്ങുന്നത് തടയുന്നതിനായി നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ മേഖലകളിലെ എല്ലാ മറൈൻ ഇന്ധന പമ്പുകളും ജൂലൈ 28 വരെ അടച്ചിടാൻ നിർദ്ദേശമുണ്ട്. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും ഈ കാലയളവിൽ നിർത്തിവെക്കും. കൂടാതെ, അന്യസംസ്ഥാന ബോട്ടുകൾക്ക് സംസ്ഥാന തീരത്ത് മീൻപിടിക്കുന്നതിനും വിലക്കുണ്ട്.