പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ അത് ധൂര്‍ത്ത് എന്നാണ് അന്ന് പ്രതിപക്ഷമായിരുന്ന യുഡിഎഫ് സഭയില്‍ ആരോപിച്ചത്. പ്രതിമാസം 80 ലക്ഷത്തോളം നല്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്ന തീരുമാനത്തെ അന്ന് ശക്തിയുക്തം സഭയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമാണ്. ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തുള്ളപ്പോള്‍ ഹെലികോപ്റ്റര്‍ കരാറിനെ എതിര്‍ത്ത യുഡിഎഫ് ഭരണപക്ഷത്തുള്ളപ്പോള്‍ ഹെലികോപ്റ്റര്‍ കരാറുമായി മുന്നോട്ടു പോകുമോ എന്നാണു അറിയാനുള്ളത്.
കേരളം പോലുള്ള ഒരു സംസ്ഥാനത്തിനു താങ്ങാന്‍ കഴിയാത്തതാണ് പ്രതിമാസം 80 ലക്ഷത്തോളം വാടക നല്കി ഹെലികോപ്റ്റര്‍ ഉപയോഗിക്കുക എന്നത്. ഒരു വര്‍ഷം നല്‍കേണ്ടത് 10 കോടിയോളം രൂപയും. ഇത് മാത്രമല്ല പാര്‍ക്കിംഗ് ഫീസ്, അറ്റകുറ്റപ്പണി എന്നിവയ്ക്കും കോടികള്‍ നല്‍കേണ്ടി വരും. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ പരിതാപകരമെന്നു ചൂണ്ടിക്കാട്ടി ധവളപത്രം തന്നെ പുറത്തിറക്കിയ യുഡിഎഫ് സര്‍ക്കാരിന് ഈ കരാറുമായി മുന്നോട്ടുപോകുക പ്രയാസമാകും. വീണ്ടും കരാര്‍ പുതുക്കിയാല്‍ പ്രതിപക്ഷത്തും സോഷ്യല്‍ മീഡിയകളില്‍ നിന്നുള്‍പ്പെടെ വിമര്‍ശന ശരങ്ങളെ നേരിടേണ്ടിയും വരും.
പിണറായി സര്‍ക്കാര്‍ കരാറുമായി മുന്നോട്ടു പോയപ്പോള്‍ എന്തിന് ഹെലികോപ്റ്റര്‍ വേണം എന്നാണ് യുഡിഎഫ് ചോദിച്ചത്. ഹെലികോപ്റ്ററില്‍ സഞ്ചരിക്കേണ്ട ആവശ്യം അപൂര്‍വമായി മാത്രമേ ആവശ്യം വരുന്നുള്ളൂ. ആവശ്യമെങ്കില്‍ നേവിയോട് ആവശ്യപ്പെട്ടാല്‍ ലഭിക്കും. അതുകൊണ്ട് തന്നെ സംസ്ഥാനം ഇത്തരം കരാറില്‍ ഏര്‍പ്പെടുന്നത് ധനധൂര്‍ത്ത് ആണെന്നാണ് പ്രതിപക്ഷം സഭയില്‍ പറഞ്ഞതും. മൂന്നു വര്‍ഷത്തേക്കാണ് ചിഫ്സൺ ഏവിയേഷനുമായി പിണറായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്.
ആരോഗ്യ രക്ഷാപ്രവർത്തനം, മാവോവാദി നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിൽ വിശിഷ്ടവ്യക്തികളുടെ യാത്ര എന്നീ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അന്ന് ചൂണ്ടിക്കാട്ടിയത്. പറന്നാലും പറന്നില്ലെങ്കിലും 80 ലക്ഷം രൂപ പ്രതിമാസം നല്‍കണം. എന്നാല്‍ ഹെലികോപ്റ്ററില്‍ പ്രതിമാസം 25 മണിക്കൂര്‍ പോലും പറന്നിട്ടുമില്ല. ഹെലികോപ്റ്റര്‍ പറത്തിയത് തന്നെ അവയവ ദാനവുമായി ബന്ധപ്പെട്ടാണ്. മാവോവാദി വിമുക്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ട് മാവോവാദി ഫണ്ടില്‍ നിന്നും കേന്ദ്രം പണവും നല്‍കില്ല. ഈ തുക കേരളം ഒറ്റയ്ക്ക് കണ്ടെത്തേണ്ടി വരും. മുഖ്യമന്ത്രിയ്ക്കുള്ള അകമ്പടി പോലും ഒഴിവാക്കിയ സതീശന് ധനധൂര്‍ത്തിന്റെ പര്യായമായി മാറിയ ഹെലികോപ്റ്റര്‍ കരാറുമായി മുന്നോട്ടുപോകുമോ എന്നാണ് അറിയാനുള്ളത്.
