സി.എം.ആര്.എല്‍-എക്സാലോജിക്ക് മാസപ്പടി കേസില്‍ ഇഡി നടപടി വീണയ്ക്ക് കനത്ത പ്രഹരമാകുന്നു. ഇതാദ്യമായി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണയ്ക്ക് ഇഡി സമന്‍സ് അയച്ചു. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് വീണയ്ക്കെതിരായ അന്വേഷണം എന്നതാണ് പ്രധാനമായ കാര്യം. മാസപ്പടിയില്‍ പ്രതിസ്ഥാനത്തുള്ള കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ എട്ടുപേർക്ക് കൂടി ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
കേസില്‍ പഴുതടച്ച അന്വേഷണമാണ് കേസില്‍ ഇഡി നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് പിണറായിയുടെ വീടുകളിലും സിഎംആര്‍എല്‍ ഓഫീസുകളിലും നടന്ന ഇഡി റെയ്ഡിനു ശേഷം വീണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്കിയതും. കേസില്‍ വീണയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് എസ്എഫ്ഐഒ അന്വേഷണമാണ്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിയ്ക്ക് നല്കാന് കോടതി വിധിച്ചിട്ടുണ്ട്. ഇഡി ആവശ്യത്തിന്റെ പ്രത്യാഘാതം നന്നായി മനസിലാക്കിയ സിഎംആര്‍എല്‍ പിഎംഎല്ഒ പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവിട്ടത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് എസ്എഫ്ഐഒ ഇഡിയ്ക്ക് കൈമാറാന്‍ പോകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും വീണയുടെ ചോദ്യം ചെയ്യലും. രാഷ്ട്രീയമായി സിപിഎമ്മിന് വലിയ തിരിച്ചടിയാണ് മാസപ്പടി കേസ്. വീണയ്ക്ക് ഇഡി കുരുക്ക് മുറുക്കിയാല്‍ അത് ബാധിക്കുക സിപിഎമ്മിനെ തന്നെയാണ്. പിണറായി മുഖ്യമന്ത്രിയായ സമയത്തുള്ള കേസ് ആണിത്. മുഖ്യമന്ത്രിയുടെ മകള്‍ക്കാണ് ചെയ്യാത്ത സേവനത്തിനു മാസപ്പടിയായി കോടികള്‍ നല്‍കിയത്. അതുകൊണ്ട് തന്നെ സിപിഎമ്മിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ഇഡിയ്ക്ക് നേരെ റെയ്ഡ് സമയത്ത് നടന്ന ആക്രമണത്തില്‍ പാര്‍ട്ടിയില്‍ വിയോജിപ്പുകള്‍ ഏറെയാണ്. പിണറായിയെ പ്രതിരോധിക്കാം. വീണയെ എന്തിന് പ്രതിരോധിക്കണം എന്നാണ് പാര്‍ട്ടിയില്‍ നിന്നും ഉയരുന്ന ചോദ്യം. ഇതിനു നേതൃത്വം മറുപടി നല്‍കിയിട്ടുമില്ല. അതുകൊണ്ട് തന്നെ ഇഡി നടപടികള്‍ എന്താകും എന്നാണ് സിപിഎം ഉറ്റുനോക്കുന്നത്. പിണറായിയിലേക്ക് അന്വേഷണം നീണ്ടാല്‍ സിപിഎം പ്രതിരോധത്തിലാകും. അത്തരം ഒരു നീക്കം ഇഡിയുടെ ഭാഗത്ത് നിന്നും ഇതുവരെ വന്നിട്ടില്ല എന്നതാണ് ആശ്വാസം നല്കുന്ന കാര്യം. മാസപ്പടിക്കേസിലെ വിദേശ ഇടപാടുകളും പരിശോധിക്കാന്‍ ഇഡി ഡയരക്ടര്‍ തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ഈ ആശ്വാസം എത്രകാലം എന്നത് കാത്തിരുന്നു തന്നെ അറിയേണ്ടിവരും.
