Your Image Description Your Image Description

മോഹന്‍ലാലും സംഗീത് പ്രതാപുമൊരുമിച്ചുള്ള കൂട്ടുക്കെട്ട് പഴയ മോഹന്‍ലാല്‍-ശ്രീനിവാസന്‍, മോഹന്‍ലാല്‍-ജഗതി കൂട്ടുക്കെട്ടുകളെ ഓര്‍മിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ഹൃദയ പൂര്‍വം എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്. ഇരുവരും തമ്മിലുള്ള ഹ്യൂമര്‍ മികച്ച രീതിയില്‍ വര്‍ക്കായെന്നും ഓണത്തിന് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ക്യൂ സ്റ്റുഡിയോസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംഗീത് പ്രതാപ് ഇതിലെ വലിയൊരു ഘടകമാണ്. മോഹന്‍ലാല്‍ – ശ്രീനിവാസന്‍, അല്ലെങ്കില്‍ മോഹന്‍ലാല്‍ – ജഗതി ശ്രീകുമാര്‍ എന്നൊക്കെ പറയുന്ന കോമ്പിനേഷന്‍സ് ഉണ്ടായത് പോലെ രണ്ട് തലമുറകളുടെ സംഗമമായി കണക്കാക്കാം ഇത്. രണ്ട് പേരും കോമ്പിനേഷന്‍ സീനുകളില്‍ രസമുള്ള ആളുകള്‍. ഭയങ്കര ഹ്യൂമര്‍ ആണ് ഇവര്‍ കൂടിചേര്‍ന്നാല്‍. ഓണത്തിന് ആളുകള്‍ വരുന്നത് സിനിമ കണ്ട് ആസ്വദിക്കാനാണല്ലോ. ആവശ്യത്തില്‍ കൂടുതല്‍ വയലന്‍സോ ഒന്നുമില്ലാതെ, വളരെ സിംപിള്‍ ആയ ഒരു കഥ, മനോഹരമായി അവതരിപ്പിക്കുന്നു. ബാക്കി നമുക്ക് നോക്കാം,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് കൂടിയാണ്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *