Home » Blog » Kerala » അക്ബറലിക്ക് സെക്സ് റാക്കറ്റ് ബന്ധം; ഒളിവിടത്തില്‍ വ്യക്തതയില്ല; പശ്ചാത്തലവും ദുരൂഹം
kaloor

കൊച്ചി കലൂരിൽ പെൺകുട്ടികളെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യ പ്രതി അക്ബർ അലിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് സൂചന. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. എവിടെയാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തുന്ന അക്ബറുടെ കൂട്ടാളികള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. അക്ബറിനെതിരെ നേരത്തെയും കേസുകളുണ്ട്. ഈ ലോഡ്ജുമായി ബന്ധപ്പെട്ടുള്ള സെക്സ് റാക്കറ്റ് വിവരങ്ങളാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അക്ബറിന്റെ പശ്ചാത്തലം ദുരൂഹമാണെന്ന് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ പോലീസിനു വ്യക്തമായിരുന്നു.

സെക്സ് റാക്കറ്റ് ബന്ധം തെളിഞ്ഞതോടെ ഇവരുടെ ഇടപാടുകാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രൂരമായാണ് രണ്ട് പെണ്‍കുട്ടികളെ ഇവര്‍ ആക്രമിച്ചത്. റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന പെൺകുട്ടികൾക്കു നേരേയാണ് അതിക്രമമുണ്ടായത്. കലൂർ-എളമക്കര റോഡിൽനിന്നുള്ള ചക്കാലപ്പാടം റോഡിൽ ഇവര്‍ ചായ കുടിക്കാന്‍ പുലര്‍ച്ചെ ഇറങ്ങിയപ്പോള്‍ ഇവര്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളാണ് പെണ്‍കുട്ടികളോട് യുവാക്കള്‍ എന്തോ പറയുന്നുണ്ടെന്നും നോക്കാന്‍ പറയുകയും ചെയ്തത്. ഇതോടെ ഇവരെ ശ്രദ്ധിച്ചതോടെയാണ് അശ്ലീല ആംഗ്യമാണ് ഇവര്‍ കാണിക്കുന്നതെന്ന് മനസിലായത്. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു.

ഹോസ്റ്റലില്‍ എത്തിയതോടെയാണ് ഇവര്‍ മറ്റു പെണ്‍കുട്ടികളുടെ സഹായത്തോടെ ചികിത്സ തേടിയത്. പരാതി നല്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഘത്തിലെ ആളുകളെ ഇവര്‍ മുന്‍പ് കണ്ടിട്ടില്ല. ഇത്തരമൊരു ആക്രമണം പെണ്‍കുട്ടികള്‍ പ്രതീക്ഷിച്ചിരുന്നില്ല. താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള കടയിലാണ് ഇവര്‍ ചായ കുടിക്കാന്‍ പോയതും. അക്ബറിനെ കിട്ടിയാലേ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നാണ് പോലീസ് പറയുന്നത്. അക്രമിസംഘത്തിലെ മലപ്പുറം സ്വദേശി ആൽബിൻ സൈമൺ ,പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, എന്നിവര്‍ പിടിയിലാണ്. അക്ബർ അലിയുടെ ഹോട്ടലിലെ ജീവനക്കാരാണ്. അക്ബർ അലി ഉൾപ്പെടെ ഏഴുപേരാണ് ഒളിവിൽ കഴിയുന്നത്.