പാക് പ്രതിരോധ മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ തിരുത്തലുമായി വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഷിംല കരാറിനെ ചത്തുപോയ രേഖയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ തിരുത്തി പാക് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാർ റദ്ദാക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ആസിഫിന്റെ വിവാദ പരാമർശങ്ങൾ ഉണ്ടായത്. ഇന്ത്യയുടെ ഏകപക്ഷീയമായ നടപടികൾ, പ്രത്യേകിച്ച് 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഷിംല കരാറിനെ അപ്രസക്തമാക്കിയെന്ന് ആസിഫ് പറഞ്ഞിരുന്നു.

‘ഷിംല കരാർ ഇപ്പോൾ ജീവനില്ലാത്ത രേഖയാണ്. ഐക്യരാഷ്ട്രസഭ നിയന്ത്രണ രേഖയെ വെടിനിർത്തൽ രേഖയായി പ്രഖ്യാപിച്ച 1948-ലെ സ്ഥിതിയിലേക്ക് ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു.’ ആദ്യത്തെ ഇന്ത്യാ-പാക് യുദ്ധവുമായി ബന്ധിപ്പിച്ച് ആസിഫ് അവകാശപ്പെട്ടു. കരാർ വിഭാവനം ചെയ്ത ഉഭയകക്ഷി ഘടന തകർന്നിരിക്കുന്നുവെന്നും അതിനാൽ ഭാവിയിലെ തർക്കങ്ങൾ അന്താരാഷ്ട്ര സംവിധാനങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, തൊട്ടടുത്ത ദിവസംതന്നെ പാകിസ്തൻ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ആസിഫിന്റെ പ്രസ്താവനയെ എതിർത്തു രംഗത്തുവന്നു. ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ ഇസ്ലാമാബാദിൽ ആഭ്യന്തര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എങ്കിലും നിലവിൽ, ഏതെങ്കിലും ഉഭയകക്ഷി കരാർ അവസാനിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല.’ അദ്ദേഹം പറഞ്ഞു.

സിംല കരാർ ഉൾപ്പെടെ എല്ലാ ഉടമ്പടികളും ഇപ്പോഴും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥൻ സൂചിപ്പിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ദ്രുതഗതിയിലുള്ള തിരുത്തൽ, കൂടുതൽ നയതന്ത്രപരമായ സങ്കീർണ്ണതകൾ ഒഴിവാക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 1972 ജൂലൈ രണ്ടിന് ഹിമാചൽ പ്രദേശിലെ ഷിംലയിൽവെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്ഥാൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും ഒപ്പുവെച്ച സമാധാന ഉടമ്പടിയാണ് ഷിംല കരാർ. ഇന്ത്യയുടെ നിർണ്ണായക വിജയത്തിനും ബംഗ്ലാദേശിന്റെ രൂപീകരണത്തിനും കാരണമായ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ തൊട്ടുപിന്നാലെയാണ് ഇത് നിലവിൽ വന്നത്.

ഉഭയകക്ഷി ബന്ധം: മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഒഴിവാക്കി സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ ഉഭയകക്ഷി ചർച്ചകളിലൂടെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമായി. ഇത് ഒരു പ്രധാന ഇന്ത്യൻ നയതന്ത്ര ലക്ഷ്യമായിരുന്നു.

നിയന്ത്രണ രേഖ (LoC): ഇത് ജമ്മു കശ്മീരിലെ 1971-ലെ വെടിനിർത്തൽ രേഖയെ നിയന്ത്രണ രേഖയാക്കി മാറ്റി. ഇത് ബഹുമാനിക്കാനും ഏകപക്ഷീയമായി മാറ്റം വരുത്താതിരിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

ബന്ധങ്ങൾ സാധാരണ നിലയിലാക്കൽ: ആശയവിനിമയം, യാത്ര, വ്യാപാരം, സാംസ്‌കാരിക കൈമാറ്റങ്ങൾ എന്നിവ പുനരാരംഭിക്കുന്നത് ഉൾപ്പെടെ, ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനും സാധാരണ നിലയിലാക്കുന്നതിനുമുള്ള നിർദേശങ്ങൾ.

More From Author

Leave a Reply

Your email address will not be published. Required fields are marked *