Home » Blog » kerala Max » പഴനി തീർത്ഥാടകർക്ക് ആശ്വാസം; പ്രത്യേക ട്രെയിൻ അനുവദിപ്പിച്ചു, കൂടുതൽ സ്റ്റോപ്പുകൾ ആവശ്യപ്പെടുമെന്ന് കൊടിക്കുന്നിൽ സുരേഷ്
kodikkunnil_suresh

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം നോർത്ത് – പളനി – പോടന്നൂർ സ്പെഷ്യൽ ട്രെയിൻ അനുവദിപ്പിച്ചതായി കൊടുക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. തുടർച്ചയായ ഇടപെടലുകളുടെയും റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ ബോർഡിനും മുന്നിൽ ഉന്നയിച്ച ആവശ്യങ്ങളുടെയും ഫലമായാണ് പുതിയ സർവീസ് യാഥാർഥ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പളനിയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ അമൃത എക്സ്പ്രസ് മാത്രമാണ് ആശ്രയമായിരുന്നത്. എന്നാൽ ആ ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് ലഭ്യത വലിയ പ്രശ്നമായി മാറിയിരുന്നു. ഇതേ തുടർന്ന് കോട്ടയം അല്ലെങ്കിൽ കൊല്ലം സ്റ്റേഷനുകളിൽ നിന്ന് പുനലൂർ, മധുര, പളനി വഴി പോടന്നൂർ, കോയമ്പത്തൂർ, ഈറോഡ് എന്നിവിടങ്ങളിലേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം എംപി റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ വിഷയം ചർച്ചയായി. കോട്ടയം, കൊല്ലം സ്റ്റേഷനുകളിൽ ആവശ്യമായ മെയിന്റനൻസ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തിരുവനന്തപുരം നോർത്തിൽ നിന്ന് സർവീസ് ആരംഭിച്ച് അവിടെത്തന്നെ മെയിന്റനൻസ് നടത്തണമെന്ന നിർദേശം മുന്നോട്ടുവന്നു. കോയമ്പത്തൂർ, ഈറോഡ് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ലഭ്യതക്കുറവ് നിലനിൽക്കുന്നതിനാൽ നിലവിൽ സൗകര്യമുള്ള പോടന്നൂർ അല്ലെങ്കിൽ മേട്ടുപ്പാളയം സ്റ്റേഷനുകളിലേക്ക് സർവീസ് ആരംഭിക്കാൻ തത്വത്തിൽ തീരുമാനിക്കുകയായിരുന്നുവെന്നും എംപി വിശദീകരിച്ചു.

കേരളത്തിൽ നിന്ന് പളനിയിലേക്കുള്ള തീർത്ഥാടന യാത്രകൾക്കും കോയമ്പത്തൂർ, ഈറോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള വ്യാപാര ആവശ്യങ്ങൾക്കും ഏറെ പ്രയോജനകരമായ രീതിയിൽ പുനലൂർ–മധുര റൂട്ടിലൂടെ എൽഎച്ച്ബി കോച്ചുകളോടുകൂടിയ ട്രെയിൻ സർവീസ് ആദ്യമായി യാഥാർഥ്യമാകുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ആദ്യഘട്ടത്തിൽ പ്രതിവാര സർവീസായി ട്രെയിൻ ഓടിക്കണമെന്നാണ് റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നിലവിൽ രണ്ട് സർവീസുകൾ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്

അതേസമയം, കേരളത്തിൽ വെറും രണ്ട് സ്റ്റോപ്പുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നത് പ്രതിഷേധാർഹമാണെന്ന് കൊടുക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു. ചെങ്കോട്ടയിൽ നിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് മറ്റ് ട്രെയിനുകൾ ലഭ്യമായ സാഹചര്യത്തിൽ മലയാളികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന രീതിയിൽ സ്റ്റോപ്പുകൾ അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രെയിനിന്റെ യാത്രാമധ്യേ കേരളത്തിലെ പ്രധാന സ്റ്റേഷനുകളായ ചിറയിൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡിലെ പാസഞ്ചർ ഓപ്പറേഷൻ വിഭാഗം മേധാവി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, സി.പി.ടി.എം. എന്നിവരുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

കൂടാതെ, അധിക സ്റ്റോപ്പുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്തയച്ചിട്ടുണ്ടെന്നും നിലവിൽ പ്രഖ്യാപിച്ച രണ്ട് സർവീസുകൾക്ക് ശേഷവും ട്രെയിൻ സർവീസ് സ്ഥിരമായി തുടരണമെന്ന ആവശ്യവും ശക്തമായി മുന്നോട്ടുവച്ചിട്ടുണ്ടെന്നും കൊടുക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.