Home » Blog » kerala Max » കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം
rain-1-1-680x450

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. നേരത്തെ ഒമ്പത് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട്, കോഴിക്കോട് കൂടി ഉൾപ്പെടുത്തിയതോടെ പത്ത് ജില്ലകളായി ഉയർന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവിടെ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

നാളെ മഴ മുന്നറിയിപ്പില്ലെങ്കിലും ഞായറാഴ്ച (മേയ് 31) മുതൽ ചൊവ്വാഴ്ച വരെ വീണ്ടും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. റോഡുകളിൽ വെള്ളക്കെട്ടും കാഴ്ച മങ്ങുന്നതും ഗതാഗത തടസ്സത്തിന് കാരണമാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണം. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി തടസ്സത്തിനും സാധ്യതയുണ്ട്.