ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരും അഞ്ചു ദിവസങ്ങളിൽ മഴ തുടരുമെന്നതിനാൽ തീരദേശവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അതേസമയം, സംസ്ഥാനത്ത് കാലവർഷം എത്താൻ വൈകുമെന്ന സൂചനയാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. പടിഞ്ഞാറൻ കാറ്റ് ദുർബലമായതും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും കാലവർഷത്തിന്റെ വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ തടസ്സങ്ങൾ നീങ്ങിയാൽ മാത്രമേ കാലവർഷം കേരളത്തിലെത്തുകയുള്ളൂ. മെയ് 26-ന് കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കിലും, ജൂൺ മാസത്തിന്റെ തുടക്കത്തിൽ മാത്രമേ മഴ സജീവമാകാൻ സാധ്യതയുള്ളൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
