കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇതിനായുള്ള അടിയന്തര നീക്കങ്ങൾ നടന്നതെന്നാണ് അപ്‌ലോഡിങ് തീയതികൾ സൂചിപ്പിക്കുന്നത്. മെയ് 4നാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെ മെയ് 6ന് ചേർന്ന വഖ്ഫ് ബോർഡ് യോഗം, മുതവല്ലിമാർ നേരിട്ട് അപ്‌ലോഡ് ചെയ്യാത്ത വഖഫ് സ്വത്തുകൾ ബോർഡ് നേരിട്ട് അപ്‌ലോഡ് ചെയ്യാൻ തീരുമാനമെടുത്തു.
വഖഫ് ബോർഡ് ചെയർമാന്റെ നിർദേശപ്രകാരം മെയ് 16നാണ് മുനമ്പം ഭൂമി സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത്. പുതിയ യുഡിഎഫ് സർക്കാർ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് രണ്ടുദിവസം മുമ്പ് തന്നെ ഈ നടപടികൾ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇതിന് കേന്ദ്ര പോർട്ടലിന്റെ അംഗീകാരവും ലഭിച്ചു. പുതിയ സർക്കാരോ മന്ത്രിമാരോ അറിയാതെയാണ് ഈ പോർട്ടൽ അപ്‌ലോഡിങ് നടന്നിരിക്കുന്നത്.
മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന നിലപാടിൽ തന്നെയാണ് വഖഫ് ബോർഡ് പണ്ടുമുതലേ ഉറച്ചുനിൽക്കുന്നത്. ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ബോർഡ് ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതും ബോർഡിന്റെ രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ഇത് സ്വാഭാവികമായ ഒരു നിയമനടപടി മാത്രമാണെന്നാണ് വഖഫ് ബോർഡിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം മുനമ്പത്ത് വീണ്ടും ആശങ്ക എന്ന പേരിൽ ദേശാഭിമാനി വാർത്ത നൽകിയിരുന്നു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്താക്കി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് ഇടത് സർക്കാർ നിയമിച്ച വഖഫ് ബോർഡാണെങ്കിലും പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രമാണ് വാർത്ത പുറത്തുവിട്ടത്.
