വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിലൂടെ പുതിയ സൈബർ തട്ടിപ്പുകൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. വാഹനത്തിന് പിഴയുണ്ടെന്ന് പറഞ്ഞ് വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘമാണ് ഇതിന് പിന്നിൽ. ഈ തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തി.
വാഹന നമ്പറടക്കമുള്ള കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി ‘പരിവാഹൻ’ എന്ന പേരിൽ വാട്സാപ്പിലാണ് വ്യാജ സന്ദേശങ്ങൾ എത്തുന്നത്. സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന വ്യാജ ലിങ്കിലോ ആപ്പിലോ ക്ലിക്ക് ചെയ്താൽ ഫോണിലെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ യാതൊരു കാരണവശാലും പ്രതികരിക്കുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ അല്ലാത്ത ഇത്തരം ലിങ്കുകൾ വഴി വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത് അപകടകരമാണ്. വാഹനവുമായി ബന്ധപ്പെട്ട പിഴകൾ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കണമെന്ന് കേരള പൊലീസ് നിർദേശിക്കുന്നു.
