ആഗോള വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടത്തിന്റെ കരുത്തിൽ ദക്ഷിണ കൊറിയൻ വിപണി മുന്നേറിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബ്ലൂംബെർഗ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5 ലക്ഷം കോടി ഡോളർ വിപണി മൂല്യവുമായി ദക്ഷിണ കൊറിയ ആറാം സ്ഥാനത്തെത്തിയപ്പോൾ, 4.8 ലക്ഷം കോടി ഡോളറുമായാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് മാറിയത്. കഴിഞ്ഞ ആഴ്ച തായ്വാൻ ഇന്ത്യയെ മറികടന്ന് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യൻ വിപണിയിൽ ഈ വർഷം മാത്രം ഇതുവരെ 11 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആഗോളതലത്തിൽ ഉണ്ടായ എഐ കുതിച്ചുചാട്ടം കൊറിയൻ, തായ്വാൻ വിപണികൾക്ക് വൻ നേട്ടമായി മാറി. സെമികണ്ടക്ടർ ഭീമന്മാരായ സാംസങ് ഇലക്ട്രോണിക്സ്, എസ്.കെ. ഹൈനിക്സ് എന്നിവ ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചതോടെ ദക്ഷിണ കൊറിയൻ സൂചികയായ ‘കോസ്പി’ ഈ വർഷം മാത്രം 99 ശതമാനത്തിന്റെ അവിശ്വസനീയമായ വളർച്ചയാണ് കൈവരിച്ചത്. തായ്വാൻ വിപണി 55 ശതമാനവും അമേരിക്ക നാസ്ഡാക് 21 ശതമാനവും നേട്ടമുണ്ടാക്കിയപ്പോൾ ഇന്ത്യയ്ക്ക് ഈ എഐ മുന്നേറ്റം പ്രയോജനപ്പെടുത്താൻ സാധിക്കാത്തത് വിപണിയിൽ ‘ആന്റി-എഐ ട്രേഡ്’ എന്ന അവസ്ഥയ്ക്ക് കാരണമായി. തായ്വാൻ വിപണിയുടെ പകുതിയോളം മൂല്യവും ചിപ്പ് നിർമ്മാതാക്കളായ ടി.എസ്.എം.സി എന്ന ഒറ്റ കമ്പനിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
എഐ കുതിപ്പില്ലായ്മയ്ക്ക് പുറമെ ആഭ്യന്തരവും അന്തർദ്ദേശീയവുമായ നിരവധി വെല്ലുവിളികളും ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസ്സവും കാരണം ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്. ഇത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയെയും ജിഡിപി വളർച്ചയെയും ദോഷകരമായി ബാധിച്ചു. കൂടാതെ രാജ്യത്ത് ഇത്തവണ കാലവർഷം ശരാശരിയുടെ 90 ശതമാനം മാത്രമേ ഉണ്ടാകൂ എന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനവും വിപണിയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് രാജ്യത്തെ കാർഷിക മേഖലയെയും കമ്പനികളുടെ വരുമാനത്തെയും ബാധിക്കുന്നതിനൊപ്പം പണപ്പെരുപ്പം ഉയരാനും കാരണമായേക്കും.
