ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ സന്ദർശനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ക്ഷേത്രദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിയേന്തി മുദ്രാവാക്യം വിളിച്ചത് ഗുരുതരമായ ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയും അനുയായികളും നിയമവിരുദ്ധമായി വി.ഐ.പി ദർശനം നടത്തിയെന്നും ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. ക്ഷേത്രപരിസരത്ത് രാഷ്ട്രീയ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്ന അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടു. തൃപ്രയാർ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിനകത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ട് ധരിച്ച് കയറിയത് വലിയ ആചാരലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ പൊതുജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയതിനും, നിരോധിത മേഖലയിൽ വീഡിയോ ചിത്രീകരിച്ചതിനും ബി.ജെ.പി പരാതി നൽകിയിരുന്നു.
മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് ക്ഷേത്ര പരിസരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ഇതേസമയം, ദർശനത്തിനായി രാത്രി 11 മണി മുതൽ കാത്തുനിന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മന്ത്രിമാരും എം.പിമാരും ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
