Home » Blog » kerala Max » പെർമിറ്റില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ കടുക്കും; മൂന്നര ലക്ഷത്തിലധികം പേരെ മക്കയ്ക്ക് പുറത്താക്കി സൗദി അധികൃതർ
Mercedes-Benz-India-AMG-A45-S-Recovered-16

വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യയിൽ സുരക്ഷാ പരിശോധനകൾ അതീവ കർശനമാക്കി. പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ച 3,66,000-ത്തിലധികം പേരെയാണ് അധികൃതർ വിവിധ അതിർത്തികളിൽ നിന്ന് തിരിച്ചയച്ചത്. ഹജ്ജ് ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച കാര്യങ്ങൾ മക്കയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സൗദി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വിശദീകരിച്ചു.

തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി വിപുലമായ നിയന്ത്രണങ്ങളാണ് സൗദി സർക്കാർ നടപ്പിലാക്കുന്നത്. പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,40,000-ത്തിലധികം വാഹനങ്ങൾ അതിർത്തികളിൽ നിന്ന് തിരിച്ചയച്ചപ്പോൾ, ചട്ടലംഘനം നടത്തിയ 1,162 വാഹനങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. കൂടാതെ, അനധികൃതമായി ആളുകളെ മക്കയിലെത്തിക്കാൻ ശ്രമിച്ച 9,654 വാഹനങ്ങളും തൊഴിൽ-അതിർത്തി നിയമങ്ങൾ ലംഘിച്ച 7,733 പേരും പിടിയിലായിട്ടുണ്ട്

വ്യാജ ഹജ്ജ് കാമ്പയിനുകൾക്കെതിരെയും അധികൃതർ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ ഇത്തരത്തിലുള്ള 217 വ്യാജ ക്യാമ്പയിനുകൾ കണ്ടെത്തി. നിയമം ലംഘിച്ച് ആളുകളെ മക്കയിലെത്തിച്ചതിന് 396 ഡ്രൈവർമാരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. പെർമിറ്റില്ലാതെ ഇഹ്‌റാം വസ്ത്രം ധരിച്ചെത്തിയ 962 പേരെയും കണ്ടെത്തിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്ന ഓരോ വ്യക്തിക്കും 20,000 സൗദി റിയാൽ വീതം പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മക്കയിൽ നിന്നും മാത്രമായി ഇതുവരെ 1,15,000 പേരെ നിയമലംഘനത്തിന് പിടികൂടിയിട്ടുണ്ട്.