Your Image Description Your Image Description

ഇടുക്കി : നാട് വൃത്തിയാക്കുന്നതിനൊപ്പം ശേഖരിക്കുന്ന മാലിന്യത്തില്‍ നിന്ന് നല്ല വരുമാനം കൂടി കണ്ടെത്തുകയാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മാലിന്യത്തില്‍ നിന്ന് ഏകദേശം 20 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് സമാഹരിച്ചത്. ഈ തുകയാകട്ടെ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നു.

പ്ലാസ്റ്റിക്ക് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് വിറ്റഴിച്ചാണ് തുക കണ്ടെത്തുന്നത്. കൂടാതെ ജൈവ മാലിന്യത്തില്‍ നിന്ന് വളം ഉത്പാദിപ്പിക്കുന്ന യൂണിറ്റും പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ സെഗ്രിഗേഷന്‍ ഫെസിലിറ്റി സംവിധാനവും കളക്ഷന്‍ കൗണ്ടറുകളും സജ്ജമാക്കി പഞ്ചായത്തിലെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ നവീകരിച്ചു. 13 ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായത്. പ്ലാസ്റ്റിക് മാലിന്യം കെട്ടുകളാക്കി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന

രണ്ട് ബെയ്‌ലിംഗ് മെഷീനുകള്‍, ശേഖരിക്കുന്ന കുപ്പികളിലെയും പ്ലാസ്റ്റിക് മാലിന്യത്തിലെ പൊടിയും ചെളിയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഡസ്റ്റ് റിമൂവിംഗ് മെഷീന്‍ എന്നിവയും മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ നേരത്തെ സജ്ജീകരിച്ചിട്ടുണ്ട്.

മാലിന്യ സംസ്‌കരണത്തിന് 26 അംഗ ഹരിത കര്‍മ്മ സേനാംഗങ്ങളാണ് കര്‍മ്മനിരതരായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. 14 വാര്‍ഡുകളിലെ വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മെറ്റിരിയല്‍സ് റിക്കവറി ഫെസിലിറ്റി സെന്ററിലെത്തിച്ച് തരം തിരിച്ച് ഡസ്റ്റര്‍ റിമൂവിംഗ് മെഷിന്റെയും, ബെയ്ലിംഗ് മെഷീന്റെയും സഹായത്തോടെ കെട്ടുകളാക്കിയാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ശേഖരിച്ച മാലിന്യത്തില്‍ നിന്ന് ഏകദേശം 20 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന് നേടാന്‍ സാധിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍ കുമാര്‍ പറഞ്ഞു. ഇത് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് വിനിയോഗിക്കുന്നത്.

14 വാര്‍ഡുകളില്‍ നിന്നായി രണ്ട് ബോട്ടില്‍ ബൂത്ത് വീതം 28 ബോട്ടില്‍ ബൂത്തുകളാണ് ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.ജൈവ മാലിന്യത്തില്‍ നിന്ന് വളം ഉത്പാദിപ്പിക്കുന്നതിനായി തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റ്, വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

ഇരട്ടയാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രികരിച്ചാണ് നിലവില്‍ ജൈവമാലിന്യം ശേഖരിക്കുന്നത്. പ്രതിമാസം ഏകദേശം 4000 കിലോ വളം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ആവശ്യക്കാര്‍ക്ക് പഞ്ചായത്തില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. കൂടാതെ വീടുകളിലെ ജൈവ മാലിന്യ സംസ്‌കരണത്തിന് ബൊക്കാഷി ബക്കറ്റ്, പിറ്റ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മാലിന്യ സംസ്‌കരണത്തിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിലും മികച്ച മാതൃകയായ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയും, സംസ്ഥാന-ജില്ലാ – ബ്ലോക്ക് തലത്തിലും പുരസ്‌കാരങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ എക്കണോമിക് സര്‍വേ റിപ്പോര്‍ട്ടിലും മാലിന്യ സംസ്‌കരണത്തില്‍ മികച്ച പഞ്ചായത്തിനുള്ള പരാമര്‍ശം നേടിയിരുന്നു.

നവീകരിച്ച ആധുനിക മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി ആന്റ് റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യമുക്ത കേരളം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍ മാലിന്യത്തില്‍ നിന്ന് തന്നെ വളവും, വരുമാനവും കണ്ടെത്തുന്ന ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എം.എല്‍.എ പറഞ്ഞു.

നാട്ടിലെ മാലിന്യം ശേഖരിച്ച് വളവും വൈദ്യുതിയും വരുമാനവും കണ്ടെത്തുന്ന നിലയിലേക്ക് ആധുനിക സാങ്കേതിക വിദ്യ വളര്‍ന്നു. ശരിയായ മാലിന്യ സംസ്‌കരണത്തിലൂടെ നാടിനെ മാലിന്യ മുക്തമാക്കുന്നതിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും കാര്‍ഷിക മേഖലയിലെ വികസനത്തിന് വഴിതെളിക്കാന്‍ ജൈവവള നിര്‍മ്മാണം, മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങി വരുമാനം കണ്ടെത്താനും കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടയാര്‍ ഗ്രാമപഞ്ചയാത്ത് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി ആന്റ് റിസോഴ്‌സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിന്‍സണ്‍ വര്‍ക്കി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെയ്‌നമ്മ ബേബി, മിനി സുകുമാരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ.ആര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അജയ് പി കൃഷ്ണ, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ്, ഹരിത കര്‍മ്മസേന ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എബി വര്‍ഗീസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനില ഷാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *