Your Image Description Your Image Description

എറണാകുളം : കേരളത്തിൽ വർദ്ധിച്ചു വരുന്ന രാസലഹരിയെ സമ്പൂർണമായി തുടച്ചു നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് സംഘടിപ്പിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ പറഞ്ഞു.സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി എറണാകുളം ഇ എം എസ് ടൗൺഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി എറണാകുളം ഇ എം എസ് ടൗൺഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ കായിക താരങ്ങളും, വിവിധ കായിക സംഘടന പ്രതിനിധികളുമായും സംവദിച്ചു.

ഈ സർക്കാരിന്റെ കാലത്ത് 356 സ്റ്റേഡിയങ്ങളും 100 ലധികം കളിക്കളങ്ങളും നിർമ്മിക്കാൻ സാധിച്ചു.വിദ്യാലയങ്ങളിലെ ഗ്രൗണ്ടുകൾ മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അവധി ദിവസങ്ങളിൽ വൈകീട്ട് 5 മണിക്ക് ശേഷം സ്കൂൾ മൈതാനങ്ങളുടെ അടുത്തുള്ള പ്രദേശവാസികൾക്ക് ഗ്രൗണ്ടിൽ വന്ന് കളിക്കാനും പരിശീലനം നൽകുന്നതിനും പ്രയോജനപ്പെടുത്താം . യോഗ ഹാളുകൾ കൂടുതലായി അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും കണ്ണൂരിൽ അത്യാനുധിക സംവിധാനങ്ങളോടെ യോഗ സെന്റർ നിർമിക്കുന്നതിന് സ്ഥലമെടുപ്പ് പൂർത്തിയായെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിൽ യോഗ പരിശീലകരെ നിയമിക്കുന്നതുമായി ബന്ധപെട്ട് ജില്ലാ പഞ്ചായത്ത് മുഖാന്തരം ക്ലസ്റ്റർ അടിസ്ഥാനത്തിൽ മൂന്നു സ്കൂളുകളിൽ ഒരാൾ എന്ന നിലക്ക് നിയമിക്കും. കായിക താരങ്ങൾക്ക് ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ വിദേശത്ത് പോകേണ്ടി വരുന്ന സാഹചര്യത്തിൽ അവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കായിക നിധി എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

ഇതുവരെയും സംസ്ഥാനത്ത് 15 ജിംനേഷ്യങ്ങൾ ആണ് പൂർത്തീകരിച്ചത്. 5 ജിംനേഷ്യങ്ങളുടെ പണികൾ നടന്നു വരികയാണ്. മലപ്പുറത്ത് ജിംനേഷ്യത്തിന് മെഷീൻ വാങ്ങുന്നതുമായി ബന്ധപെട്ട് ഒന്നേകാൽ കോടി രൂപ നൽകിയെന്നും മന്ത്രി പറഞ്ഞു.

കായിക മന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിൽ കായികരംഗത്തുള്ള വിവിധ പ്രശ്നങ്ങളും നേരിടുന്ന വെല്ലുവിളികളും താരങ്ങളും,കായിക വകുപ്പ് പ്രതിനിധികളും ഉന്നയിച്ചു.ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ദേശീയ ഫുട്ബോൾ താരം സി കെ വിനീത്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ രഞ്ജു സുരേഷ്,ഗോപൻ, ശ്രീകുമാർ,കെ സി ലേഖ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *