Your Image Description Your Image Description

പാലാക്കാർക്ക് ഇങ്ങനെ തന്നെ വേണം. കെഎം മാണിയെന്ന് പറയുന്ന ഒരു ഉപഗ്രഹത്തിന്റെ ചുറ്റും കറങ്ങി നടന്ന പാലാക്കാർ ഇങ്ങനെ തന്നെ അനുഭവിക്കണം. കേരളത്തിൽ ഏത് പദ്ധതി വന്നാലും എന്ത് പരിപാടി വന്നാലും അതിലൊന്ന് പാലായിലായിരിക്കണമെന്ന് പറഞ്ഞ് കേരളത്തിന്റെ വികസനത്തിന്റെ നല്ലൊരു പങ്കും അടിച്ചുമാറ്റി കൊണ്ടുപോയ പാലാക്കാർക്ക് ഇത്രയേ സംഭവിച്ചുള്ളല്ലോയെന്ന് പറഞ്ഞ് ആശ്വസിക്കാം.

പാലാ ഡിപ്പോയിലെ അഞ്ചാറ് ബസ്സുകൾ ഗണേശൻ എങ്ങോട്ടോ കൊണ്ടുപോയിയെന്ന് പറഞ്ഞു ഒരു വിലാപഗാനം സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു . ഉള്ളവർ ഇല്ലാത്തവർക്ക് കൊടുത്തു പഠിക്കണം. പണ്ടുകാലത്ത് കിട്ടിയതെല്ലാം പിടിച്ചു വാങ്ങി വച്ചതിന്റെ അനന്തരഫലമാണിത്.

ഒരുകാലത്ത് പാലാക്കാർ എവിടെയുണ്ടോ അങ്ങോട്ട് എല്ലാ ബസും പോയിരുന്ന ഒരു സമയമുണ്ടായിരുന്നു. രാവിലെ ടൗണിൽ വന്ന് ചായ കുടിച്ച് സ്വറ പറയാൻ വീട്ടുമുറ്റത്ത് ബസ്. മാണിയെ കാണാൻ തിരുവനന്തപുരത്ത് പോകാനും മകളെ കാണാൻ കട്ടപ്പനയ്ക്ക് പോകാനും മിനിറ്റിനു മിനിറ്റിന് ബസ്. കയ്യിൽ കിട്ടുന്ന റബർ ഷീറ്റും എടുത്ത് ചന്തയ്ക്ക് പോകാൻ അടുത്ത ബസ്സ്.

എത്ര ദൂരെയുള്ള ബന്ധു വീട്ടിലേക്കും വീട്ടിൽ നിന്ന് ഓടി കയറി പോകാവുന്ന രീതിയിൽ വീട്ടുപടിക്കലെത്തുന്ന ബസ്. ഇതെല്ലാം 70 കളിലെ കഥകളാണ്. അനുഭവിച്ചോ പട്ടിക്ക് ഒരു കാലം പട്ടർകാലം. മാണി മരിക്കുന്നതുവരെ നൂറിൽപരം ബസ് ഉണ്ടായിരുന്നിടത്ത് ഇന്ന് കേവലം 60 താഴെയായി ചുരുങ്ങി.

പണ്ട് നിയമസഭയിൽ പാർട്ടിക്കാരുടെ മുഴുവൻ സമയവും അപഹരിച്ചു നിയമസഭ കൈയ്യടക്കി വന്നിരുന്ന പാലാ മെമ്പർ ഉണ്ടായിരുന്ന സ്ഥലത്ത് ഇന്നത്തെ പാലാ മെമ്പർ ഉദാരമതി ആയതുകൊണ്ട് അവരവർക്ക് അനുവദിച്ചു കിട്ടിയ സമയം കൂടി മറ്റുള്ളവർക്ക് ദാനം ചെയ്തു കർണന്റെ ചേട്ടനായി മാറിയ പൊങ്ങൻ .

അതൊന്നു തുറന്നു കാണിക്കാൻ പോലും പാലായിൽ പാർട്ടിയിലോ മുന്നണിയിലോ ഒരുത്തനും ഇല്ലന്നുള്ളത് ആരുടെയൊക്കെയോ ഭാഗ്യം. ഏതായാലും മാണിയുടെ മരണത്തോടെ പാലായ്ക്ക് ഒന്നും കിട്ടുന്നില്ലന്നുള്ളത് പത്രസമ്മേളനം നടത്തി പറഞ്ഞ എൽഡിഎഫ് കൺവീനറും കൂട്ടരും പോയ വണ്ടിക്ക് കൈ കാണിക്കുകയാണ് ചെയ്തത്.

യുഡിഎഫ് കരിദിനമായി ആചരിച്ച മെയ്‌ 20 തിന് തന്നെ പത്ര സമ്മേളനം നടത്തി ഈ കാര്യങ്ങളെല്ലാം അവതരിപ്പിക്കേണ്ടതായിരുന്നുവെന്ന് ഒരു നിരീക്ഷകനെന്ന നിലയിൽ എനിക്ക് അഭിപ്രായമുണ്ട്.
അത് പോരാഞ്ഞിട്ട് ആരോ എഴുതി കൊടുത്ത പാഠഭാഗങ്ങൾ വായിക്കുന്ന രീതിയിലുള്ള അവതരണവും അരോചകമായിരുന്നുവെന്ന് പറയാതെ വയ്യ.

ഒരു കാര്യത്തെപ്പറ്റി ആധികാരികമായി സംസാരിക്കുമ്പോൾ അത് ഉൾക്കൊണ്ട് കൃത്യമായി ജന മനസ്സിൽ കയറുന്ന രീതിയിൽ അവതരിപ്പിക്കേണ്ടതായിരുന്നു. അവതാരകർക്ക് ഭാവന ഇല്ലാതെ പോയി. എങ്ങനെയെങ്കിലും ഒരു തട്ടിക്കൂട്ട് സാധനം ഉണ്ടാക്കി എതിരാളിയെ വ്യക്തിപരമായി ആക്ഷേപിച്ച ചില വാചകങ്ങൾ പറഞ്ഞാൽ രാഷ്ട്രീയമാവുകയില്ല.

കാപ്പനെ കോപ്പനെന്നും മോൻസ് ജോസഫിനെ മോനായിയെന്നും ജോസഫിനെ ഔതയെന്നും വിളിക്കുവാനല്ലാതെ ഒരു മ… മ… മ… അല്ലേൽ വേണ്ട ഒരു മാങ്ങാ തൊലിയും കേരള കോൺഗ്രസിന്റെ അവശിഷ്ട സൈബർ വിങ്ങിനറിയില്ല. രാഷ്ട്രീയം പറയാൻ അറിയില്ലാത്തതുകൊണ്ട് സംഭവിക്കുന്നതാണ് ഇതെല്ലാം.

കേരള കോൺഗ്രസിന്റെ ചരിത്രവും അതിന്റെ വളർച്ചയും ഒരുത്തനും അറിയില്ലന്നതുകൊണ്ടാണ് വ്യക്തിഹത്യക്ക് മുതിരുന്നത്. രാഷ്ട്രീയത്തിൽ കുറച്ചൊക്കെ മാന്യത സൂക്ഷിക്കാം. സീറ്റ് കിട്ടാത്തതിന്റെ പേരിൽ പാർട്ടി വിട്ടുപോയിട്ട് തിരിച്ച് വരുന്നവനെയൊക്കെ പിടിച്ച് താക്കോൽ സ്ഥാനം ഏൽപ്പിച്ചാൽ എങ്ങനെയിരിക്കുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്. ഇങ്ങനെ ഉള്ളവരെയൊക്കെ ഗ്രാമീണ ഭാഷയിൽ മൾട്ടി ഡാഡി സിൻഡ്രം ഉള്ളവനെന്ന് വിളിക്കും.

രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടാണ് നേരിടേണ്ടതെന്ന് നിങ്ങളെയൊക്കെ ആര് പറഞ്ഞു പഠിപ്പിക്കും.
കഴിഞ്ഞ കുറെ നാളായി വികസനം ഒരു മരിചികയായി പാലായുടെ മുന്നിൽ നിൽക്കുകയാണന്ന് തുറന്നുപറയുവാൻ നിങ്ങൾക്കെന്താണ് മടി. ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കാൻ കൊള്ളാവുന്ന ഒരുത്തനും നിങ്ങളുടെ കൂടെ ഇല്ലന്നുള്ളതാണ് നിങ്ങളുടെ ദൗർബല്യം.

പക്ഷേ ഒരു കാര്യം സമ്മതിക്കാതെ വയ്യ ,തനിക്ക് ഒന്നും ചെയ്യാനാകുന്നില്ലങ്കിലും മുൻപ് കെഎം മാണി തുടക്കമിട്ട പലതും തന്റെ കൂടി ശ്രമ ഫലം കൊണ്ടാണന്ന് ജനങ്ങളോട് പറയുവാൻ നിങ്ങളുടെ എതിരാളിക്ക് കഴിയുന്നുണ്ട്. മാത്രമല്ല പാലാ വികസനത്തിന് തടയിടുന്നത് കെഎം മാണിയുടെ അനന്തരാവകാശികളാണന്ന് ജനത്തെ ബോധ്യപ്പെടുത്തുവാനും അവർക്ക് സാധിക്കുന്നുണ്ട്.

അതാണ് രാഷ്ട്രീയം. അല്ലാതെ പഴങ്കഞ്ഞിയിൽ പാറ്റ ചാടിയ പോലെ ജനത്തിന്റെ മനസ്സിൽ തറയ്ക്കാത്ത ചില കാര്യങ്ങൾ പറഞ്ഞു ഒളിച്ചോടുന്നതല്ല രാഷ്ട്രീയം. കെഎം മാണിക്ക് അതിന്റെ മർമ്മം അറിയാമായിരുന്നു. പുതിയ തലമുറയിൽ ആർക്കും എവിടെ അടിക്കണമെന്നറിയുവാൻ പാടില്ല.

അക്ഷരം കൂട്ടി വായിച്ച് വാക്കുകൾക്കു ആവശ്യമുള്ള സ്ഥലങ്ങളിൽ ഊന്നൽ നൽകി അവതരിപ്പിക്കാൻ കഴിവുള്ള ഒരു തലമുറയെ നിങ്ങൾ വളർത്തിയെടുത്തില്ലന്നുള്ളത് നിരാശാജനകമാണ്. ഏറ്റവും നന്നായി അഭിനയിക്കേണ്ടത് സിനിമയിലല്ല രാഷ്ട്രീയത്തിലാണ്. ആ തിരിച്ചറിവ് നിങ്ങളുടെ ഒരു നേതാവിനുമില്ല .

നിങ്ങളുടെ നേതാക്കന്മാരുടെ എല്ലാ പ്രസ്താവനകളും ജീവനില്ലാത്തതാണ്. ആർക്കും ഒരു ഉപയോഗമില്ലാത്തതുമാണ്. ഇതിലും ഭേദം പ്രസ്താവന ഒന്നും നടത്താതെ അറയ്ക്കകത്ത് അടച്ചിട്ടിരിക്കുന്നതാണ്. എതിരാളിയുടെ പ്രസ്താവനകൾക്ക് സമയത്ത് എതിർ പ്രസ്താവന കൊടുക്കാതെ ആരെങ്കിലും പിണങ്ങുമോയെന്ന് കരുതി പതുങ്ങി ഇരിക്കുന്നവർക്ക് രാഷ്ട്രീയത്തിൽ സ്ഥാനമില്ല.

തെറിക്കുത്തരം മുറിപ്പത്തൽ. പ്രസ്താവനക്ക് ഉത്തരം എതിർ പ്രസ്താവന. ഇന്നു പറയേണ്ട പ്രസ്താവന നാളെ പറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയം വ്യത്യസ്തമായ ഒരു പരീക്ഷയാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ ചോദ്യപേപ്പറാണ് .അത് മനസ്സിലാക്കാതെ മറ്റുള്ളവരെ കോപ്പിയടിക്കാൻ ശ്രമിക്കുന്നതാണ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പരാജയം.

Leave a Reply

Your email address will not be published. Required fields are marked *