Your Image Description Your Image Description

കഴിഞ്ഞ കുറച്ചേറെ നാളുകളായി സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് നിരവധി നേതാക്കളാണ് ചേർന്നത്, ഇപ്പോഴിതാ എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. കുടപ്പനക്കുന്നിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും, മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവർത്തിച്ച് വന്ന ശ്രീ ഗോകുൽ ഗോപിനാഥനാണ് സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. രാവിലെ വരെ സിപിഐഎം ആയിരുന്നുവെന്നും മരണംവരെ ബിജെപി ആയിരിക്കുമെന്ന് ഗോകുൽ പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് ഇന്ന് രാവിലെയാണ് ഗോകുൽ ഗോപിനാഥ് അംഗത്വം സ്വീകരിച്ചത്. കോളേജ് വളപ്പിൽ മദ്യപിച്ച് നൃത്തംചെയ്‌ത സംഭവത്തിൽ 2022 ഡിസംബറിൽ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥിനെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു. അതേസമയം കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലാണ് ഞാൻ ജനിച്ചതെന്നും ബിജെപിയെ ഇഷ്ട‌മായതുകൊണ്ട് കൂടുതൽ ഊർജത്തോടെയും രാഷ്ട്രീയ ബോധത്തോടെയും പ്രവർത്തിക്കുമെന്നും ഗോകുൽ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പവർ ക്ലസ്റ്ററിന്റെ ഭാഗമായില്ലെങ്കിൽ അവിടെ നിലനിൽപ്പില്ല. ഇന്ന് സിപിഎമ്മും കോൺഗ്രസും തമ്മിൽ വ്യത്യാസമൊന്നുമില്ല, രണ്ടിലും നടക്കുന്നത് അഴിമതി തന്നെ. സന്തോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്‌തതിന് എന്നെ വ്യക്തിഹത്യ ചെയ്‌തുവെന്നും ഗോകുൽ ഗോപിനാഥ് കൂട്ടിച്ചേർത്തു. 2021ൽ എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും ഗോകുൽ പ്രവർത്തിച്ചു. കേരള സർവ്വകലാശാല സെനറ്റ് സിൻഡിക്കേറ്റംഗമായിരുന്നു. ബാലസംഘവും എസ്എഫ്ഐയും മുതൽ വിവിധ ഇടത് സംഘടനകളിൽ പ്രവർത്തിച്ച ഗോകുൽ, 2016ലെ തെരഞ്ഞെടുപ്പിൽ എകെജി സെൻ്ററിലെ എൽഡിഎഫിൻ്റെ വാർ റൂം ഇൻചാർജ് ആയിരുന്നു. ഗോകുൽ ഗോപിനാഥിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നരേന്ദ്ര മോദി ജിയുടെ വികസന സങ്കല്പങ്ങളിലും വികസിത കേരളമെന്ന ലക്ഷ്യത്തിലും ആകൃഷ്ടരായി ബിജെപിക്കൊപ്പം ചേരുന്ന യുവനേതാക്കളിൽ ഏറ്റവും പുതിയ പേരാണ് ഗോകുൽ ​ഗോപിനാഥിൻ്റേതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രാജീവ് ചന്ദ്രശേഖർ കുറിച്ചു. അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ഷൈൻലാൽ അടക്കം കോൺഗ്രസ് കെഎസ്‌യു നേതാക്കൾ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. രാജീവ് ചന്ദ്രശേഖറിൽ നിന്നുമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഷൈൻ ലാലിനൊപ്പം നിതിൻ എസ്.ബി. (മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്, കോവളം, വെങ്ങാനൂർ), നിതിൻ എം.ആർ. (മുൻ യൂണിറ്റ് പ്രസിഡൻ്റ്, രാജാജി നഗർ, യൂത്ത് കോൺഗ്രസ്), ആൽഫ്രഡ് രാജ് (കെഎസ്‌ യൂണിറ്റ് വൈസ് പ്രസിഡന്റ്റ്, സിഎസ്ഐ ലോ കോളേജ്, പാറശ്ശാല), അമൽ സുരേഷ് (വാർഡ് വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, തൃക്കണ്ണാപുരം വാർഡ്), അഖിൽ രാജ് പി.വി. (അരുവിക്കര മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്; മുൻ യൂണിറ്റ് പ്രസിഡൻ്റ്, ചാക്ക ഐടിഐ, കെഎസ്യു) എന്നിവരും പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *