Home » Blog » Kerala » ‘പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ’ എന്നെയും ബാധിച്ചു; തന്റെ അമ്മക്കാലത്തെ അനുഭവങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെച്ച് പരിനീതി ചോപ്ര
parineethi-680x450

പ്രസവാനന്തര വിഷാദത്തെക്കുറിച്ചും ആ ഘട്ടത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട പിന്തുണയെക്കുറിച്ചും ബോളിവുഡ് നടി പരിണീതി ചോപ്ര പങ്കുവെച്ച അഭിപ്രായങ്ങൾ ശ്രദ്ധേയമാകുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രസവശേഷം സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികളെക്കുറിച്ച് പരിണീതി മനസ്സ് തുറന്നത്. പ്രസവം കഴിയുന്നതോടെ എല്ലാം അവസാനിച്ചു എന്ന് കരുതുന്ന സമൂഹം, അമ്മമാർക്ക് ശാരീരിക വേദനയ്ക്ക് പുറമെ ഹോർമോൺ വ്യതിയാനങ്ങളും വൈകാരികമായ സംഘർഷങ്ങളും ഈ കാലയളവിൽ ഉണ്ടെന്ന് തിരിച്ചറിയണമെന്ന് അവർ പറയുന്നു.

കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം അമ്മയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതും പ്രധാനമാണെന്ന് പരിണീതി എടുത്തുപറയുന്നു. പ്രസവശേഷമുള്ള ആദ്യ മാസങ്ങളിൽ കുടുംബത്തിൽ നിന്ന് കൃത്യമായ പിന്തുണ ലഭിച്ചാൽ സ്ത്രീകൾക്ക് മാതൃത്വവും ജോലിയും ഒരുപോലെ മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കും. എന്നാൽ ഈ ഘട്ടത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ലെങ്കിൽ അത് അമ്മയെയും കുഞ്ഞിനെയും കുടുംബത്തെ മൊത്തത്തിലും പ്രതികൂലമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

പ്രസവശേഷം അമ്മമാരിൽ കണ്ടുവരുന്ന വിഷാദാവസ്ഥയായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ലഘുവായി കാണേണ്ട ഒന്നല്ല. കടുത്ത സങ്കടം, ക്ഷോഭം, ഉറക്കമില്ലായ്മ, കുഞ്ഞിനെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വിഷാദത്തിന്റെ തോത് അനുസരിച്ച് കൗൺസിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കിൽ മനോരോഗ വിദഗ്ധന്റെ ചികിത്സ എന്നിവ അനിവാര്യമാണ്. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങൾ അവഗണിക്കരുത്, മറിച്ച് വിദഗ്ധ സഹായം തേടാൻ വൈകുകയുമരുത്.

മാനസികാരോഗ്യം വീണ്ടെടുക്കാൻ ചെറിയ മാറ്റങ്ങൾ ജീവിതശൈലിയിൽ കൊണ്ടുവരുന്നത് സഹായിക്കും. മനഃശാസ്ത്ര വിദഗ്ധരുടെ നിർദ്ദേശപ്രകാരം തെറാപ്പി ചെയ്യുന്നതിനൊപ്പം, വ്യായാമം ശീലിക്കുന്നത് സന്തോഷം നൽകുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കും. കൂടാതെ പ്രിയപ്പെട്ടവരോട് മനസ്സ് തുറന്ന് സംസാരിക്കുന്നതും നല്ല പുസ്തകങ്ങൾ വായിക്കുന്നതും ഗുണം ചെയ്യും. ഒപ്പം ഡോക്ടറുടെ നിർദ്ദേശാനുസരണം പോഷകസമൃദ്ധമായ ഭക്ഷണം ശീലിക്കുന്നത് അമ്മമാരുടെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് അത്യാവശ്യമാണെന്നും പരിണീതി ഓർമ്മിപ്പിക്കുന്നു.