Home » Blog » Kerala » എൽ.പി.ജി ഡീലർമാർക്ക് തിരിച്ചടി; ഉപഭോക്താക്കൾക്ക് ഏജൻസി മാറാൻ കമ്പനികൾക്ക് അനുവാദം നൽകി കോടതി
court-1-680x450

പാചകവാതക വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഉപഭോക്താക്കളെ ഒരു ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് പൂർണ്ണ നിയമപരമായ അധികാരമുണ്ടെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. വിതരണക്കാർ കമ്പനികളുടെ ഏജന്റുമാർ മാത്രമാണെന്നും പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കാൻ കമ്പനികൾക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്നും ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കിം വ്യക്തമാക്കി. വിതരണക്കാരുടെ പുനർവിതരണവുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികൾ കൊണ്ടുവന്ന പുതിയ പരിഷ്‌കാരം ചോദ്യം ചെയ്തുകൊണ്ട് ‘ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ’ നൽകിയ ഹർജികൾ സിംഗിൾ ബെഞ്ച് പൂർണ്ണമായും തള്ളുകയായിരുന്നു.

 

ഒരു ഏജൻസിക്ക് കൈകാര്യം ചെയ്യാവുന്ന സിലിണ്ടർ റീഫില്ലിംഗിന് കൃത്യമായ പരിധി നിശ്ചയിക്കാനും, പരിധിക്ക് പുറത്തുള്ള ഉപഭോക്താക്കളെ തൊട്ടടുത്തുള്ള മറ്റ് വിതരണക്കാരിലേക്ക് മാറ്റാനുമുള്ള കമ്പനികളുടെ തീരുമാനം തങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സാമ്പത്തിക താൽപ്പര്യങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ സൗകര്യങ്ങൾക്കും കൃത്യമായ ഗ്യാസ് വിതരണത്തിനുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കമ്പനികളുടെ ഇത്തരം ഭരണപരമായ തീരുമാനങ്ങളിൽ ഇടപെടാൻ വിതരണക്കാർക്ക് യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.