Your Image Description Your Image Description

കോട്ടയം : മാലിന്യനിർമാർജ്ജന രംഗത്ത് ജില്ലയിൽ തനതുമുദ്ര പതിപ്പിച്ച ഗ്രാമപഞ്ചായത്തുകളിൽ മുൻപന്തിയിലാണ് അകലക്കുന്നം. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക അനുമോദനം മുതൽ സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ജില്ലാതല അവാർഡ് വരെ അകലക്കുന്നം കരസ്ഥമാക്കി.

‘ശുചിത്വ ഭവനം സുന്ദര ഭവനം’ എന്ന ഗ്രാമപഞ്ചായത്തിന്റെ തനതായ നൂതന പദ്ധതിയിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും മാലിന്യനിർമാർജ്ജന രംഗത്തേക്ക് കടന്നുവരാൻ പ്രോത്സാഹിപ്പിക്കുകയാണ് അകലക്കുന്നം ഗ്രാമ പഞ്ചായത്ത്. ശുചിത്വഭവനം, സംസ്ഥാന തലത്തിലെ മികച്ച വിവരവിജ്ഞാന മാതൃകാ പ്രവർത്തനം എന്നിവയേക്കുറിച്ചുള്ള അവതരണങ്ങൾക്ക് തിരുവനന്തപുരത്ത് നടന്ന വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവിലും പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചു.

പദ്ധതിയിലൂടെ പഞ്ചായത്തിലെ 4929 കുടുംബങ്ങളെ സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെട്ട ഒന്നാം ഘട്ട സർവേ സംഘം ശരിയായ മാലിന്യ നിർമാർജ്ജനത്തിന്റെ ആവശ്യകതയേപ്പറ്റി ബോധവാന്മാരാക്കുകയും മാലിന്യ സംസ്‌കരണത്തെ സംബന്ധിച്ചുള്ള ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ വീടുകളെ വിലയിരുത്തുകയും ചെയ്തു. ചോദ്യാവലിക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ വാർഡിൽ നിന്നും 10മുതൽ 15 വരെ വീടുകളെ തിരഞ്ഞെടുത്തു. ഇവയിൽനിന്ന് വാർഡ് തലത്തിൽ മികച്ച കുടുംബത്തിനുള്ള ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങൾ രണ്ടാംഘട്ട സർവേ സംഘം തിരഞ്ഞെടുക്കുകയും സീറോ വേസ്റ്റ് ദിനമായ മാർച്ച് 30-ന് മെമന്റോയും പ്രശംസാപത്രവും വിതരണം ചെയ്യുകയും ചെയ്തു.

ടൗണിലും മാർക്കറ്റുകളിലും പ്രവർത്തിക്കുന്നതിനു പുറമേ വ്യക്തികളിലും കുടുംബങ്ങളിലും അവബോധം വളർത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. അത് ഈ പദ്ധതിയിലൂടെ സാധ്യമാവുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറും വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളവും പറഞ്ഞു.

മാലിന്യ സംസ്‌കരണരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ കുട്ടികളുടെ പങ്ക് ശ്രദ്ധേയമാണ്. വീടുകൾ സന്ദർശിച്ച് ശുചിത്വ ഭവനത്തിന്റെ പ്രാധാന്യത്തേപ്പറ്റി അവബോധം സൃഷ്ടിക്കുന്നത് മുതൽ മിനി എം.സി.എഫുകൾക്ക് സമീപം കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങൾക്ക് പകരം പൂച്ചെടികൾ നട്ടുപിടിപ്പിച്ചുവരെ അവർ നാടിന് മാതൃകയായിത്തീർന്നു.

നിലവിൽ എം.സി.എഫിനോടൊപ്പം എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോട്ടിൽ ബൂത്തുകളും ടൗണുകളിൽ പൊതു ബിന്നുകളും ദ്രവമാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *