Your Image Description Your Image Description

ക്രാഷ് ടെസ്റ്റിൽ ആദ്യമായി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടുന്ന ഇന്ത്യൻ ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. മാരുതി സുസുക്കി ബലേനോയും ഹ്യുണ്ടായി i20-യും അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ മിനിമം ഇത്രയെങ്കിലും വേണ്ടേയെന്നായിരുന്നു ടാറ്റയുടെ ഭാഗം. സേഫ്റ്റി മാത്രമല്ല കേട്ടോ, ഒന്നാന്തരം ഫീച്ചറുകളുടെ അകമ്പടിയും നല്ല യാത്രാ സുഖവുമായി എത്തിയ കാറിന് തുടക്കത്തിൽ ആവശ്യക്കാർ ഏറെയായിരുന്നു. ഒപ്പം സെഗ്മെന്റിൽ ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്‌ത ഒരേയൊരു മോഡൽ എന്ന ഖ്യാതി കൂടിയായപ്പോൾ സംഗതി മൊത്തത്തിൽ കളറായി. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് കുറഞ്ഞുവരുന്നതായാണ് വിൽപ്പന കണക്കുകൾ സൂചിപ്പിച്ചത്. കച്ചോടം കുറഞ്ഞുവന്നതോടെ ആൾട്രോസിനെ അടിമുടി പരിഷ്ക്കരിക്കാൻ തന്നെ ടാറ്റ മോട്ടോർസ് തീരുമാനിക്കുകയും ചെയ്‌തു. ഇതിനെ കുറിച്ച് സൂചന നൽകി അധികം വൈകാതെ തന്നെ കാറിനെ പൊളിച്ചടുക്കിക്കൊണ്ട് മുഖംമിനുക്കൽ കമ്പനി കൊണ്ടുവന്നിരിക്കുകയാണ്. 2025 മെയ് 22-ന് ഔദ്യോഗികമായി പുത്തൻ ആൾട്രോസിനെ അവതരിപ്പിക്കുമെന്നും ടാറ്റ പ്രഖ്യാപിച്ചിരുന്നു.ഇപ്പോഴിതാ ഈ തീയതിക്ക് മുന്നോടിയായി സർപ്രൈസാക്കി വെച്ചിരുന്ന കാറിന്റെ പുതുരൂപം വെളിപ്പെടുത്തിയിരിക്കുകയാണ്. അന്യായ ലുക്കും പുത്തൻ ഫീച്ചറുകളുമായി വരുന്ന ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്‌തിട്ടുണ്ട്. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ ആശാൻ കൂടുതൽ പ്രീമിയമായെന്ന് വേണം പറയാൻ. മുൻവശത്ത് ട്വിൻ-ബാരൽ എൽഇഡി ലൈറ്റുകളുള്ള ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമാണ് ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്. വിശാലമായ എയർ ഇൻടേക്കോടുകൂടിയ പുതുക്കിയ ഫ്രണ്ട് ബമ്പറും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഹാരിയർ, സഫാരി എസ്‌യുവികളിൽ കാണുന്ന സ്റ്റൈലാണ് പ്രീമിയം ഹാച്ച്ബാക്ക് ഇത്തവണ കടംകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാവുന്നു.എങ്കിലും ഹാച്ച്ബാക്ക് വിഭാഗത്തിൽ ഈയൊരു സ്റ്റൈൽ പിടിച്ചിരിക്കുന്നത് വെറൈറ്റിയായിട്ടുണ്ട്. പിൻവശത്തേക്ക് വന്നാൽ എൽഇഡി ടെയിൽലൈറ്റുകൾ ഒരു സ്ലീക്ക് എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുകയാണിപ്പോൾ. റിയർ ബമ്പറും പുതുക്കിയ ഡിസൈൻ സ്വീകരിച്ചിട്ടുണ്ട്. ഇതൊന്നുമല്ല ആളുകളിൽ കൌതുകമുണർത്താൻ പോവുന്ന സംഗതി. പ്രീമിയം എസ്‌യുവികളിൽ മാത്രം കണ്ടുപരിചയിച്ച ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളാണ് മുഖംമിനുക്കിയെത്തുന്ന ആൾട്രോസിനെ കളറാക്കുന്നത്. ഈ ഫീച്ചർ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ആദ്യമായിട്ടാവും കടന്നുവരുന്നത്. കൂടാതെ പുതിയ ഡ്യുവൽ ടോൺ അലോയ് വീലുകളും ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോവർ വകഭേദങ്ങളിൽ സ്റ്റീൽ വീലുകളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ക്രിയേറ്റീവ് വേരിയന്റുകൾ മുതൽ 16 ഇഞ്ച് അലോയ് വീലുകൾ ടാറ്റ സമ്മാനിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ട്രിം ലെവലിൽ 16 ഇഞ്ച് ഹൈപ്പർ സ്റ്റൈൽ ഡ്യുവൽ ടോൺ വീലുകളും ടോപ്പിൽ ഡ്രാഗ് കട്ട് R16 അലോയ് വീലുകൾ ഉണ്ടാകും. ഡ്യൂൺ ഗ്ലോ, എംബർ ഗ്ലോ, പ്യുർ ഗ്രേ, റോയൽ ബ്ലൂ, പ്രിസ്റ്റൈൻ വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളും കൂടെയാവുമ്പോൾ പുത്തൻ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് മൊത്തത്തിൽ അടിപൊളിയാവും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും കാര്യമായ പൊളിച്ചെഴുത്തുകളുണ്ട്. ഡിസൈൻ അടിമുടി മാറ്റിയപ്പോൾ ബീജും ലൈറ്റ് ഗ്രേയും കലർന്ന ഡ്യുവൽ ടോൺ തീമാണ് അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിലും സഫാരിയിലുമുള്ളതിന് സമാനമായി കാണപ്പെടുന്നതു പോലെ ഫ്രണ്ട് സീറ്റുകളുടെ ഡിസൈനും മാറിയിട്ടുണ്ട്. ആൾട്രോസിnz പുതിയ ഗ്രാൻഡ് പ്രെസ്റ്റീജിയ ഡാഷ്‌ബോർഡിൽ രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതിൽ ഒന്ന് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായുമാണ് കൊടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *