മധ്യപ്രദേശ് പൊലീസ് തങ്ങളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കുംഭമേള വൈറൽ താരവും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ് റദ്ദാക്കണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികൾ ഹർജി സമർപ്പിച്ചത്.
അധികൃതർ ഏകപക്ഷീയമായി തങ്ങളുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും തുടർന്ന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. റദ്ദാക്കിയ സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നാണ് ദമ്പതികളുടെ പ്രധാന ആവശ്യം. സർക്കാർ രേഖകളിൽ കൃത്രിമം കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഹർജിയിൽ പറയുന്നു. ഇതിനു പിന്നിൽ വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ദമ്പതികളുടെ നിലപാട്. മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സുഭാഷ് ചന്ദ്രൻ കെ.ആർ, അനിരുദ്ധ കെ.പി, ബി.എൽ. നഗർ എന്നീ അഭിഭാഷകർ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.
