തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് സി.പി.ഐ.എമ്മിനുള്ളിൽ നടക്കുന്ന ചർച്ചകൾ സ്വാഭാവികമാണെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്നും എം. സ്വരാജ്. പരാജയപ്പെടുമ്പോൾ വിമർശനങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും എന്നാൽ അത് മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ചുരുങ്ങേണ്ട ഒന്നല്ലെന്നും സ്വരാജ് പറഞ്ഞു.
പരാജയങ്ങൾ ഒരു വ്യക്തിയുടെ മാത്രം വീഴ്ചയായി കാണുന്നത് യാഥാർത്ഥ്യ ബോധമില്ലാത്ത വിലയിരുത്തലാണ്. പാർട്ടി യോഗങ്ങളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ പൊട്ടും പൊടിയും ചേർത്തവയാണെന്നും അവയെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വരാജ് തന്റെ നിലപാട് വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടായിരിക്കും പ്രതിപക്ഷത്തിന്റെ നിലപാട്. തെറ്റായ വഴിയിലൂടെ പോയാൽ ശക്തമായി എതിർക്കും. ഞങ്ങൾ മികച്ചൊരു ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള പാർട്ടിയിലെ തിരുത്തൽ നടപടികൾ പുരോഗമിക്കുകയാണെന്നും കമ്മ്യൂണിസ്റ്റുകാരെ ഇത്തരം വിമർശനങ്ങൾ ബാധിക്കില്ലെന്നും സ്വരാജ് വ്യക്തമാക്കി.
