Your Image Description Your Image Description

ജൂനിയർ ആർട്ടിസ്റ്റായി വന്ന മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നടനായി മാറിയ വ്യക്തിയാണ് സൗബിൻ ഷാഹിർ. ജൂനിയർ ആർട്ടിസ്റ്റായാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സംവിധാന സഹായിയായും അഭിനേതാവായും മാറുകയായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ പുലിയായ കക്ഷി അടുത്തത് സാക്ഷാൽ രജനീകാന്തിന്റെ വില്ലനായാണ് പ്രത്യക്ഷപ്പെടാൻ പോവുന്നത്. അതും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ മെയിൻ വില്ലൻ കൂടിയാണെന്നറിയുമ്പോൾ ഹൈപ്പ് വാനോളം ഉയരും. ഇതിനിടയിൽ വീട്ടിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റ സന്തോഷത്തിലാണ് സൗബിൻ ഷാഹിർ. ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു മിനി കൂപ്പർ വാങ്ങിയിരിക്കുകയാണ് നടൻ. മോളിവുഡിലേക്ക് പുത്തനൊരു മിനി വാങ്ങിയ വിവരം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിട്ടുണ്ട്. ആഡംബര ഹാച്ച്ബാക്കിന്റെ ഡെലിവറിക്കായി ഷോറൂമിലെത്തിയതിന്റെയും കാറിന്റെ ഡെലിവറിയുടേയും ചിത്രങ്ങൾ ഡീലർഷിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ മുൻനിര വിതരണക്കാരായ ബിഎംഡബ്ല്യു മിനി ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് സൗബിൻ ഷാഹിർ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം എത്തിയാണ് പുത്തൻ കാറിന്റെ താക്കോലും താരം ഏറ്റുവാങ്ങിയിരിക്കുന്നത്. സിനിമ കഴിഞ്ഞാൽ വാഹനങ്ങളോടും ഏറെ പ്രിയമുള്ള താരം ഇതിനോടകം തന്നെ വലിയ ആഡംബര കാറുകളാണ് ഉപയോഗിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് മിനി കൂപ്പറും എത്തിയിരിക്കുന്നത്. കാറുകളിലെ മഹാറാണിയെന്ന് അറിയപ്പെടുന്ന കൂപ്പറിന്റെ S JCW എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന 2025 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പുതിയ ആവർത്തനമാണ് മലയാള നടന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. 55.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മിനി കൂപ്പർ S ജോൺ കൂപ്പർ വർക്ക്‌സിന് ടാക്‌സും ഇൻഷുറൻസുമെല്ലാമായി കൊച്ചിയിൽ ഏകദേശം 71.43 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ജോൺ കൂപ്പർ വർക്ക്സ് പായ്ക്ക് മിനി കൂപ്പർ എസിന് വ്യത്യസ്തമായ ഒരു ഡിസൈൻ ശൈലിയാണ് നൽകുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ഐക്കണിക് യൂണിയൻ ജാക്ക് ടെയിൽ ലൈറ്റ് ഡിസൈനുമുള്ള രൂപം ഒന്നുതന്നെയാണെങ്കിലും സ്‌പോർട്ടിയറാക്കുന്നതിന് മുൻവശത്തെയും പിൻവശത്തെയും ബമ്പറുകൾക്ക് സ്പോർട്ടിയർ കട്ടുകളും ക്രീസുകളും ഉപയോഗിച്ച് റീഡിസൈൻ ചെയ്‌തിട്ടുണ്ട്. ഹൈലൈറ്റ് ഗ്രിൽ, മിനി ബാഡ്ജുകൾ, ബമ്പറുകൾ എന്നിവ കറുത്ത നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. കൂപ്പർ S JCW പായ്ക്കിൽ കറുത്ത അലോയ് വീലുകളും ഗ്രില്ലിൽ ഒരു ജോൺ കൂപ്പർ വർക്ക്സ് ബാഡ്ജും കാണാം. ആഡംബര കാറിന്റെ മിഡ്-നൈറ്റ് ബ്ലാക്ക് എന്ന കളർ ഓപ്ഷനാണ് സൗബിൻ ഷാഹിർ തെരഞ്ഞെടുത്തിരിക്കുന്നതും. എക്സ്റ്റീരിയർ പോലെ തന്നെ മിനി കൂപ്പർ S ജോൺ കൂപ്പർ വർക്ക്‌സിന്റെ അകത്തളവും ലക്ഷ്വറിയാണ് കേട്ടോ. ടച്ച്‌സ്‌ക്രീൻ പോലെയുള്ള 9.4 ഇഞ്ച് വൃത്താകൃതിയിലുള്ള OLED ഡിസ്‌പ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോ എസി, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവർ സീറ്റിനായി ഒരു മസാജ് ഫംഗ്ഷൻ എന്നിവയെല്ലാം 71.43 ലക്ഷത്തിന്റെ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ മിനി കൂപ്പർ S മോഡലിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ-1 ADAS എന്നിവയെല്ലാം ലഭിക്കും.സാധാരണ മോഡലിന്റെ അതേ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് JCW പായ്ക്ക് ഉൾപ്പെടുന്ന മിനി കൂപ്പർ S കാറിനും തുടിപ്പേകാനായി എത്തുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 204 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇതൊരു ഫ്രണ്ട് വീൽ ഡ്രൈവ് കാറായാണ് മിനി പണികഴിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *