പൊതുവേ മധുരപ്രിയരായ ഇന്ത്യക്കാർക്കിടയിൽ ചോക്ലേറ്റിനോടുള്ള താൽപര്യം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ ചോക്ലേറ്റ് ബ്രാൻഡായ ‘കിറ്റ്കാറ്റ്’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ കിറ്റ്കാറ്റ് വിൽപനയിൽ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി. ജപ്പാൻ, ബ്രസീൽ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ പിന്തള്ളിയാണ് ഇന്ത്യ ഈ ചരിത്ര നേട്ടം കൈവരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ആഗോള വിപണിയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ, ലോകത്തിലെ മറ്റ് 85 രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇപ്പോൾ ഒന്നാമതെത്തിയത്. പത്ത് വർഷം മുൻപ് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യയിൽ ബ്രാൻഡിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. നെസ്ലെയുടെ തന്നെ ജനപ്രിയ ബ്രാൻഡായ മാഗിക്ക് ശേഷം, ആഗോളതലത്തിൽ ഇന്ത്യ ഏറ്റവും വലിയ വിപണിയായി മാറുന്ന രണ്ടാമത്തെ ബ്രാൻഡാണ് കിറ്റ്കാറ്റ്.
വിജയത്തിന് പിന്നിലെ പുതുമകളും രുചികളും
ഉപഭോക്താക്കളുടെ താല്പര്യങ്ങൾ കൃത്യമായി മനസ്സിലാക്കി വിപണിയിൽ വരുത്തിയ മാറ്റങ്ങളാണ് കിറ്റ്കാറ്റിന്റെ ഈ വൻ വിജയത്തിന് പിന്നിലെ പ്രധാന കാരണം. സാധാരണ വിപണിക്ക് പുറമെ പ്രീമിയം വിഭാഗത്തിലേക്കും കമ്പനി സാന്നിധ്യം ശക്തമാക്കി. ഉത്സവ സീസണുകൾ ലക്ഷ്യമിട്ടുള്ള ‘കിറ്റ്കാറ്റ് സെലിബ്രേഷൻസ്’, കുഞ്ഞു രൂപത്തിലുള്ള ‘കിറ്റ്കാറ്റ് പോപ്സ്’, പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുന്ന സാൽറ്റഡ് കാരമൽ, ഹേസൽനട്ട് രുചികളിലുള്ള ‘കിറ്റ്കാറ്റ് ഡിലൈറ്റ്സ്’ എന്നിവയും ദൈനംദിന വിപണിയിലെ ‘കിറ്റ്കാറ്റ് ഡ്യുവോ’, ‘ലെമൺ ആൻഡ് ലൈം’ തുടങ്ങിയ വ്യത്യസ്ത രുചികളും വിപണിയിൽ വലിയ ചലനമുണ്ടാക്കിയെന്ന് നെസ്ലെ ഇന്ത്യ കോൺഫെക്ഷനറി ഡയറക്ടർ ജഗതീശൻ ഗോപീചന്ദർ വ്യക്തമാക്കുന്നു.
വിൽപന കൂട്ടിയ ‘വിസികൂളർ’ വിപ്ലവം
പരസ്യങ്ങൾക്കായി വൻതുക നീക്കിവെച്ചതിന് പുറമെ, വിതരണ ശൃംഖലയിൽ നെസ്ലെ വരുത്തിയ മാറ്റങ്ങളും ശ്രദ്ധേയമാണ്. ചോക്ലേറ്റുകൾ ഉരുകിപ്പോകാതെ ഗുണനിലവാരത്തോടെ സൂക്ഷിക്കാൻ കടകളിൽ ‘വിസികൂളറുകൾ’ സ്ഥാപിക്കാൻ കമ്പനി വലിയ തോതിൽ നിക്ഷേപം നടത്തി. ഇത് നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലും കിറ്റ്കാറ്റിന്റെ വിൽപനയും ജനപ്രീതിയും കുത്തനെ ഉയർത്താൻ സഹായിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ മാത്രം 395 കോടിയിലധികം കിറ്റ്കാറ്റ് ഫിംഗറുകളാണ് വിറ്റഴിഞ്ഞത്. ഇതോടെ ചോക്ലേറ്റ് വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി കിറ്റ്കാറ്റ് മാറി. അതേസമയം, നെസ്ലെയുടെ മാഗി നൂഡിൽസിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണിയും ഇന്ത്യ തന്നെയാണ്.
