Your Image Description Your Image Description

കണ്ണൂർ : അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തെ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഐസ് കോള്‍ഡ് സ്റ്റോറേജ് കെട്ടിടത്തിന് പുതുജീവന്‍ ലഭിക്കുന്നു. സര്‍ക്കാര്‍ അനുമതി പ്രകാരമുള്ള സമ്മതപത്രം കെ.വി സുമേഷ് എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ജബ്ബാര്‍ കൈമാറി.

സര്‍ക്കാര്‍ കൈമാറിയ കെട്ടിടത്തില്‍ സ്വന്തം മുതല്‍ മുടക്കില്‍ പ്ലാന്റ് സ്ഥാപിച്ച് സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഐസ് നിര്‍മ്മിച്ച് വിപണനം നടത്തുന്നതിനായി സ്വകാര്യ സംരംഭകരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ സംരംഭം വഴി ഐസ് ക്ഷാമം അവസാനിക്കുന്നതോടൊപ്പം അഴീക്കല്‍ ഹാര്‍ബര്‍ ഒരു മാതൃകാ തുറമുഖമായി മാറും. നബാര്‍ഡ് ഫണ്ടിന്റെ സഹായത്തോടെ 26 കോടി രൂപയുടെ ഹാര്‍ബര്‍ നവീകരണ പ്രവൃത്തികള്‍ ഇവിടെ പുരോഗമിക്കുകയാണ്.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി. ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍ വിനയന്‍, വാര്‍ഡ് മെമ്പര്‍ ഷബീന, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ കെ വിജി തട്ടാമ്പുറം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *