Your Image Description Your Image Description

മുംബൈ: ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് കോപ്പിയടിച്ച ഉള്ളടക്കത്തെ അമിതമായി ആശ്രയിക്കുന്ന ബോളിവുഡിനെയും, അവിടുത്തെ സർഗ്ഗാത്മകതയുടെ അഭാവത്തെയും രൂക്ഷമായി വിമർശിച്ച് പ്രമുഖ നടൻ നവാസുദ്ദീൻ സിദ്ദിഖി. തൻ്റെ പുതിയ ചിത്രമായ ‘കൊസ്താവോ’യുടെ പ്രചാരണത്തിനിടെ പൂജ തൽവാറിൻ്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖി ബോളിവുഡിനെതിരെ ശക്തമായ വിമർശനങ്ങളുന്നയിച്ചത്. ഒരേ ഫോർമുലകൾ ആവർത്തിക്കുന്നതിലും, മറ്റ് സിനിമാ വ്യവസായങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്ന് കഥകൾ മോഷ്ടിക്കുന്നതിലും ബോളിവുഡ് ഒരു ദയനീയമായ അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

“ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഒരേ കാര്യം അഞ്ച് വർഷം തുടർച്ചയായി ആവർത്തിക്കും. പിന്നീട് ആളുകൾക്ക് മടുക്കുമ്പോൾ അവർ അത് ഉപേക്ഷിക്കും. സത്യത്തിൽ, ഇവിടെ അരക്ഷിതാവസ്ഥ വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഒരു ഫോർമുല വിജയിച്ചാൽ, അത് തുടർന്നുകൊണ്ടേയിരിക്കണമെന്നും അതിനെ നീട്ടിവലിക്കണമെന്നുമാണ് അവർ കരുതുന്നത്. അതിലും ദയനീയമായ കാര്യം ഇപ്പോൾ സിനിമകൾക്ക് രണ്ടും മൂന്നും നാലും തുടർച്ചകൾ ഉണ്ടാകുന്നു എന്നതാണ്. ഇതൊരുതരം സർഗ്ഗാത്മക പാപ്പരത്തമാണ്. സർഗ്ഗാത്മക ദാരിദ്ര്യം ഇവിടെ വളരെ കൂടുതലാണ്. തുടക്കം മുതലേ ഞങ്ങളുടെ ഇൻഡസ്ട്രി മോഷ്ടിക്കുകയാണ്. ഞങ്ങൾ പാട്ടുകൾ മോഷ്ടിച്ചു, കഥകൾ മോഷ്ടിച്ചു,” സിദ്ദിഖി തുറന്നടിച്ചു.

“കള്ളന്മാർക്ക് എങ്ങനെ ക്രിയേറ്റീവ് ആകാൻ കഴിയും?” എന്ന് നവാസുദ്ദീൻ സിദ്ദിഖി ചോദിച്ചു. ഹിറ്റുകളായ ചില കൾട്ട് സിനിമകളിലെ രംഗങ്ങൾ പോലും മോഷ്ടിച്ചവയാണ്. ഇതൊക്കെ ഇന്ന് അത്രയധികം സാധാരണവത്കരിക്കപ്പെട്ടു. മോഷണമാണെങ്കിൽ എന്താണ് കുഴപ്പം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“ഒരു വീഡിയോ നൽകി, ‘ഇതാണ് ഞങ്ങൾക്ക് നിർമ്മിക്കേണ്ട സിനിമ’ എന്ന് അവർ പറയുമായിരുന്നു. സംവിധായകർ അതുകണ്ട് അതുപോലെ ഇവിടെ പകർത്തും. ഇങ്ങനെയുള്ള ഒരു ഇൻഡസ്ട്രിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്? ഏത് തരത്തിലുള്ള നടന്മാരാണ് വരിക? അവരും ഇതേ തരത്തിലുള്ളവരായിരിക്കും. നല്ല സിനിമകൾ കൊണ്ടുവന്നിരുന്ന അനുരാഗ് കശ്യപിനെപ്പോലുള്ള നടന്മാരും സംവിധായകരും ഈ വ്യവസായത്തിൽ നിന്ന് പിന്മാറാൻ തുടങ്ങുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

നവാസുദ്ദീൻ സിദ്ദിഖിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം സീ5-ൽ സ്ട്രീം ചെയ്യുന്ന ക്രൈം ഡ്രാമയായ ‘കൊസ്താവോ’ ആണ്. സ്വർണ്ണക്കടത്ത് റാക്കറ്റിനെതിരെ പോരാടാൻ തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച ഗോവയിലെ കസ്റ്റംസ് ഓഫീസറായ കൊസ്താവോ ഫെർണാണ്ടസിൻ്റെ വേഷമാണ് അദ്ദേഹം ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സേജൽ ഷാ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രിയ ബാപത്, കിഷോർ, ഹുസൈൻ ദലാൽ, മഹിമ ശർമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡിൻ്റെ പതിവ് കോപ്പിയടി ശൈലിക്കെതിരെ സിദ്ദിഖിയുടെ ഈ തുറന്നുപറച്ചിൽ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി തെളിയിക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *