Your Image Description Your Image Description

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ പ്രചാരണര്‍ത്ഥം കൊല്ലം കലക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍, കൊല്ലം പ്രസ് ക്ലബ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുടെ ടീമുകള്‍ തമ്മില്‍ സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം കാന്റോന്‍മെന്റ് മൈതാനത്ത് നടത്തും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സായി എന്നിവയുടെ വനിതാ കബഡി മത്സരവും സംഘടിപ്പിക്കും.

പരിപാടിയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മെയ് 15ന് മിനി മാരത്തോണ്‍ നടത്താന്‍ തീരുമാനിച്ചു.

മത്സരാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു. ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000, 10,000, 7,500 രൂപയാണ് സമ്മാനം. പുരുഷ•ാരുടെ മാരത്തണ്‍ പാരിപ്പള്ളി മുതല്‍ നിലമേല്‍ വരെയും, സ്ത്രീകളുടെ മാരത്തണ്‍ അഞ്ചല്‍ മുതല്‍ നിലമേല്‍ വരെയുമാണ്.കായിക താരങ്ങളും, ജനപ്രതിനിധികളും, സാംസ്‌കാരിക പ്രവര്‍ത്തകരും, ജനങ്ങളും 15ന് നിലമേലില്‍ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നയിക്കുന്ന വോക്കത്തണില്‍ പങ്കെടുക്കും.

കൊട്ടാരക്കര മുതല്‍ ഏനാത്ത് വരെയാണ് വോക്കത്തണ്‍. പുതിയ പ്ലേഗ്രൗണ്ടുകള്‍ കണ്ടെത്തുകയും, നീന്തല്‍ കുളങ്ങള്‍ നവീകരിക്കുകയും ചെയ്യുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍മാണ കിറ്റുകള്‍ വിതരണം ചെയ്യും.എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ശ്രീകുമാരി, വൈസ് പ്രസിഡന്റ് ഡോ. കെ രാമഭദ്രന്‍, വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *