Your Image Description Your Image Description

കൊല്ലം : ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്തിന്റെ ഭരണസമിതി. രോഗങ്ങളോടും ആയുസിനോടും ‘മസില്‍ പിടിക്കാനായി’ തുറന്ന വ്യായാമ ഇടമാണ് ഇവിടെ തയ്യാറാക്കിയത്. ‘ജിമ്മുകള്‍ക്ക് മഴപ്പേടി പോലും ഒഴിവാക്കാന്‍ മേല്‍ക്കൂരയിട്ട ഓപണ്‍ ജിമ്മാണ് പ്രത്യേകത.

ആദിച്ചനല്ലൂര്‍ ചിറയുടെ തീരത്ത് നിത്യേന വ്യായാമത്തിനെത്തുന്നവരുടെ ആധിക്യമാണ് ഓപണ്‍ ജിം എന്ന സൗകര്യത്തിന് പ്രചോദനം. ആരോഗ്യതത്പരരായ ഗ്രാമവാസികള്‍ക്കായി ചിറയുടെ നവീകരണവും നടപ്പിലാക്കുകയാണ്. പഞ്ചായത്തിന്റെ ജീവനാഡിയായ ആദിച്ചനല്ലൂര്‍ ചിറയെ ആശ്രയിച്ച് നെല്‍കൃഷിയുമുണ്ട്.നിലവില്‍ ബോട്ടിംഗ്, ഓപ്പണ്‍ ജിംനേഷ്യം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

കുട്ടികളോടൊപ്പം രക്ഷിതാക്കള്‍ക്കും സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള സൗകര്യങ്ങളോടെയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. പാര്‍ക്കിനോട് ചേര്‍ന്നുള്ള ഓപ്പണ്‍ ജിം രണ്ടുഘട്ടങ്ങളിലായി 5,49,893 രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. വെളുപ്പിന് നാലര മുതല്‍ എട്ട് വരെയും വൈകിട്ട് 5:30 മുതല്‍ ഏഴുവരെയുമാണ് പ്രദേശവാസികള്‍ ഓപ്പണ്‍ ജിമ്മില്‍ എത്തുന്നത്.ഓപ്പണ്‍ ജിമ്മിന് പ്രിയമേറിയതോടെ കൂടുതല്‍ വികസിപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു.

ആദ്യപടിയായി ജിമ്മിന് മേല്‍ക്കൂര പണിയാന്‍ 2025-26ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,40,000 രൂപയാണ് നീക്കിവെച്ചത്.വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതികളുടെ പിന്നാലെയാണ് പഞ്ചായത്ത്. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കികഴിഞ്ഞു. രണ്ടു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചിറയുടെ തീരത്ത് ഒരുങ്ങുന്നത്.

പായല്‍ നീക്കം ചെയ്യല്‍, മോടികൂട്ടല്‍, പരിപാലനം, ലൈറ്റുകള്‍, പുതിയഇരിപ്പിടങ്ങള്‍, ഐസ്‌ക്രീം പാര്‍ക്ക്, കളിക്കാനുള്ള ആധുനികഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളാണ് വരിക എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ചന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *