Home » Blog » Kerala » സ്മാർട്ട്‌ഫോൺ ലോകത്ത് വിപ്ലവം തീർക്കാൻ ഓപ്പോ എത്തുന്നു; ഫൈൻഡ് X9 സീരീസുമായി വിപണി പിടിക്കാൻ കമ്പനി
oppo9-680x450

പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകാൻ തയ്യാറെടുക്കുന്ന ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര, ഓപ്പോ ഫൈൻഡ് എക്‌സ്9എസ് എന്നിവയുടെ ഇന്ത്യയിലെ ലോഞ്ച് തീയതി പുറത്തുവിട്ടു. മെയ് 21-നാണ് ഈ രണ്ട് കരുത്തുറ്റ മോഡലുകളും ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. പ്രശസ്ത ക്യാമറ ബ്രാൻഡായ ഹാസൽബ്ലാഡുമായി സഹകരിച്ചുള്ള നൂതന ക്യാമറ സംവിധാനമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള പുത്തൻ കളർഒഎസ് 16 പതിപ്പിലായിരിക്കും ഈ രണ്ട് ഹാൻഡ്‌സെറ്റുകളും പ്രവർത്തിക്കുക.

 

ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ കരുത്തുപകരുന്ന ഫൈൻഡ് എക്‌സ്9 അൾട്ര, ഫോട്ടോഗ്രഫി പ്രേമികൾക്കായി വിസ്മയിപ്പിക്കുന്ന ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. 200 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 10x ഒപ്റ്റിക്കൽ സൂം നൽകുന്ന പെരിസ്കോപ്പ് ലെൻസും ഉൾപ്പെടെയുള്ള ക്വാഡ് ക്യാമറ സംവിധാനം ഇതിലുണ്ട്. ദീർഘനേരത്തെ ഉപയോഗത്തിനായി 7,050 mAh ബാറ്ററിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും ഈ മോഡലിന്റെ വിപണി വിലയെന്നാണ് സൂചനകൾ നൽകുന്നത്.

 

സ്ലിം ഡിസൈനിൽ കൂടുതൽ സ്റ്റൈലിഷായെത്തുന്ന ഫൈൻഡ് എക്‌സ്9എസ് മോഡലിൽ മീഡിയാടെക് ഡൈമൻസിറ്റി 9500എസ് ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 50 മെഗാപിക്‌സൽ പ്രധാന ക്യാമറയും 7,025 mAh ബാറ്ററിയുമുള്ള ഈ ഫോൺ ലാവൻഡർ സ്കൈ, മിഡ്‌നൈറ്റ് ഗ്രേ, സൺസെറ്റ് ഓറഞ്ച് എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാകും. ഏകദേശം 85,000 രൂപയോളം വില പ്രതീക്ഷിക്കുന്ന ഈ മോഡൽ, പ്രീമിയം സെഗ്‌മെന്റിൽ മറ്റു പ്രമുഖ ബ്രാൻഡുകൾക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓപ്പോ വേൾഡ്, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇവ വിപണിയിലെത്തും.