Home » Blog » Kerala » ഇനി ലാപ്ടോപ്പുകളിലും എഐ കളി! പുത്തൻ സാങ്കേതികവിദ്യയുമായി എച്ച്പിയുടെ വമ്പൻ നിര വരുന്നു
Untitled-5-2-680x450

ഇന്ത്യൻ വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഇരുപതിലധികം പുതിയ ഉപകരണങ്ങൾ അവതരിപ്പിച്ച് എച്ച്‌പി. വ്യക്തിഗത കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, വർക്ക്ഫോഴ്‌സ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ ശ്രേണിയാണ് കമ്പനി കൊച്ചിയിൽ പുറത്തിറക്കിയത്. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ചെറുകിട സംരംഭകർ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പുതിയ ഉൽപ്പന്നങ്ങൾ ജോലി കൂടുതൽ ലളിതമാക്കാൻ സഹായിക്കുമെന്ന് എച്ച്‌പി വ്യക്തമാക്കി.

 

ലോകത്തിലെ ആദ്യ എഐ കീബോർഡ് പിസിയായ എച്ച്‌പി എലീറ്റ് ബോർഡ് ജി 1എ, ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന എച്ച്‌പി ഓമ്‌നിപാഡ് 12 ടാബ്‌ലറ്റ് എന്നിവയാണ് ഈ ലോഞ്ചിലെ പ്രധാന ആകർഷണങ്ങൾ. കൂടാതെ എലീറ്റ്ബുക്ക് എക്‌സ് ജി2, ഓമ്‌നിബുക്ക് അൾട്രാ 14, ഓമ്‌നിബുക്ക് എക്‌സ് 14 തുടങ്ങിയ പുതിയ മോഡലുകളും കമ്പനി വിപണിയിലെത്തിച്ചു. എച്ച്‌പി ഐക്യു, എച്ച്‌പി നിയർസെൻസ് തുടങ്ങിയ എഐ ഫീച്ചറുകൾ വഴി മീറ്റിംഗ് നോട്ടുകൾ തയ്യാറാക്കാനും ഡോക്യുമെന്റ് അനാലിസിസ് നടത്താനും എളുപ്പത്തിൽ സാധിക്കും.

 

2026 ജൂൺ മുതൽ ഓമ്‌നിപാഡ് ടാബ്‌ലറ്റുകൾ 48,999 രൂപ പ്രാരംഭ വിലയിൽ വിപണിയിൽ ലഭ്യമാകും. എഐ കീബോർഡ് പിസിയായ എലീറ്റ് ബോർഡിന് 1,35,714 രൂപയും ഓമ്‌നിബുക്ക് അൾട്രാ 14-ന് 1,89,999 രൂപയുമാണ് ആരംഭ വില. എച്ച്‌പി വേൾഡ് സ്റ്റോറുകൾ, ആമസോൺ, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ഉപഭോക്താക്കൾക്ക് ഈ അത്യാധുനിക ഉപകരണങ്ങൾ സ്വന്തമാക്കാം. മെച്ചപ്പെട്ട കണക്റ്റിവിറ്റിയും പ്രിന്റിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്ന എഐ ഒപ്റ്റിമൈസ്ഡ് സൗകര്യങ്ങളും ഈ പുതിയ ശ്രേണിയുടെ പ്രത്യേകതയാണ്.