തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നതിൽ മടിയില്ലാത്ത താരമാണ് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും മാധവ് പങ്കുവെച്ച നിരീക്ഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായത് കൃത്യമായ ലക്ഷ്യങ്ങളോടെയാണെന്ന് മാധവ് അഭിപ്രായപ്പെടുന്നു. “വെറുതെ വന്ന് മുഖ്യമന്ത്രി കളിച്ച് പോകാൻ വന്ന ആളല്ല വിജയ്. രാഷ്ട്രീയ പശ്ചാത്തലം ഇല്ലാതെ സ്വന്തം കഴിവും ആരാധക പിന്തുണയും കൊണ്ട് ജയിച്ച വ്യക്തിയാണദ്ദേഹം. തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വിജയിന് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിന്റെ ഭരണം കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു” മാധവ് പറഞ്ഞു.
രാജ്യത്തെ നയിക്കാൻ നരേന്ദ്ര മോദിയോളം യോഗ്യനായ മറ്റൊരാളില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് മാധവ് വ്യക്തമാക്കി. “നരേന്ദ്ര മോദി അല്ലാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ യോഗ്യതയുള്ള വേറെ ഒരാൾ ഇന്ന് ഉണ്ടോ? അദ്ദേഹം തുടരുന്നതിൽ ഞാൻ സന്തോഷവാനാണ്.” കേരളത്തിൽ മൂന്ന് സീറ്റുകൾ കൊണ്ട് ബിജെപിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകില്ലെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. 102 സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസ് പാർട്ടി അടുത്ത അഞ്ച് വർഷം കേരളത്തെ നന്നായി നോക്കട്ടെ എന്നും, ആര് ഭരിച്ചാലും ജനങ്ങൾക്ക് നന്മ ചെയ്താൽ മതി എന്നതുമാണ് തന്റെ ആഗ്രഹമെന്നും മാധവ് കൂട്ടിച്ചേർത്തു. സിനിമയിലെ തുടക്കക്കാരനാണെങ്കിലും ട്രോളുകളെയും വിമർശനങ്ങളെയും ഭയപ്പെടാതെ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതാണ് മാധവിന്റെ രീതി.
