Your Image Description Your Image Description

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന ഹബായി കേരളത്തെ മാറ്റുന്നതിനുള്ള വലിയ ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വിജ്ഞാന കൗണ്‍സില്‍ രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസത്തിന് പുറത്തുപോയിരുന്ന സ്ഥിതിമാറി കേരളത്തില്‍ തന്നെ അവസരമൊരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂതന കോഴ്‌സുകള്‍ക്കും വിദ്യാഭ്യാസ രീതികള്‍ക്കും സമാനമായവ ഇവിടെ ഒരുക്കുന്നു. അതിന്റെ ആത്യന്തിക ഫലം പുതിയ തലമുറക്ക് അനുഭവിക്കാന്‍ അവസരം ലഭിക്കുന്നുവെന്നും ഇതിനെ പ്രധാന ഉത്തരവാദിത്തമായി സര്‍ക്കാര്‍ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഭാവിയെ അടയാളപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണ് വിജ്ഞാന കേരളം. പഠനത്തോടൊപ്പം തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന ട്രെന്റ് രൂപപ്പെടുകയാണ്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട മികച്ച പരിശീലനം പ്രധാന അജണ്ടയായി കാണുന്നു. തൊഴില്‍ സേനയല്ല നമ്മുടെ പ്രധാന ലക്ഷ്യം, പരിശീലനം ലഭിച്ച തൊഴില്‍ സേനയാണ്. പുതുതലമുറയുടെ മാത്രമല്ല, കേരളത്തിന്റെ ഭാവിയാണ് ഈ ക്യാമ്പയിനിലൂടെ നിര്‍ണയിക്കുന്നത്. എല്ലാ തൊഴില്‍ സംവിധാനങ്ങളെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി നടക്കും. തൊഴില്‍ ആഗ്രഹിക്കുന്നവരെ അവര്‍ക്ക് താല്‍പര്യമുള്ള തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നെന്നും അതിന് ജനകീയ പങ്കാളിത്തവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനവും അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിജ്ഞാനകേരളം അഡൈ്വസറും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക് പദ്ധതി വിശദീകരിച്ചു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കണ്ടെത്തി അനുയോജ്യമായ തൊഴിലിലേക്ക് എത്തിക്കുക, പ്രാദേശികമായ തൊഴിലുകള്‍ കണ്ടെത്തി വനിതകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുക, വിദേശ തൊഴിലുകളുമായി ബന്ധിപ്പിക്കുക, പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് പ്ലേസ്‌മെന്റിന് അവസരമൊരുക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
യോഗത്തില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹ്‌മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *